2013 -ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഭൂവില നല്‍കി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്.

ദില്ലി: വയനാട് മെഡിക്കൽ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രിം കോടതി നോട്ടീസ്. കേസിലെ കക്ഷികളായ ഗ്ലെൻ എസ്റ്റേറിനാണ് നോട്ടീസ് അയച്ചത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. 2013 -ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടികൾ നടത്താനായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍, ഇതിനായി 1.92 കോടി രൂപ മാത്രം നൽകി എസ്റ്റേറിന്‍റെ 75 ഏക്കർ ഏറ്റെടുത്ത നടപടിയാണ് ഹൈകോടതി റദ്ദാക്കിയത്. 

2013 -ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഭൂവില നല്‍കി ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എത്തിയത്. എന്നാല്‍, കേരള ഭൂപരിഷ്കരണ നിയമപ്രകാരം 30 ഏക്കറില്‍ അധികമുള്ള എസ്‌റേറ്റുകളുടെ ഉടമകള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നില്ലെന്ന് സർക്കാർ വാദിച്ചു . അതിനാല്‍ തന്നെ ഹൈക്കോടതി നിര്‍ദേശിച്ചത് പോലെ ഭൂവില നല്‍കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍റിങ്ങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവർ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, വി രാമസുബ്രഹ്മണ്യം എന്നിവിരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നേരത്തെ കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ പാലക്കാട്ട് ചെര്‍പ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസൻഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ കുറിച്ച് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനൊപ്പം അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കൽ കോളേജ് വീഴ്ച വരുത്തിയാല്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍റെ ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥയും ഒഴിവാക്കിയിരുന്നെന്ന് സംസ്ഥാനം വ്യക്തമാക്കിയിരുന്നു. വാളയാറില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

കൂടുതല്‍ വായിക്കാന്‍: കെ കെ ശൈലജയുടെ കാലത്ത് സുപ്രധാന വ്യവസ്ഥകളൊഴിവാക്കി സ്വകാര്യ മെഡിക്കല്‍ കോളേജിന് ഇസി നല്‍കിയെന്ന് സത്യവാങ്മൂലം