ദില്ലി: ജമ്മു കശ്‍മീരില്‍ 4 ജി സേവനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നതതല സമിതി പരിശോധിക്കണമെന്ന് സുപ്രീംകോടതി. ആഭ്യന്തര സെക്രട്ടറി, വാർത്ത വിതരണ മന്ത്രാലയം സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയാണ് പരിശോധിക്കേണ്ടത്. ഫൗണ്ടേഷൻ ഓഫ് മീഡിയ പ്രൊഫഷണൽസ്, പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ ഓഫ് ജമ്മു കശ്മീർ, സോയ്ബ് ഖുറേഷി എന്നിവരാണ് 4 ജി സേവനം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

ഫോര്‍ ജി സേവനം പുനസ്ഥാപിക്കാത്തത്  മൗലിക അവകാശത്തിന്‍റെ ലംഘനമെന്നാണ് ഹര്‍ജിക്കാരുടെ വാദം. കൊവിഡ് പശ്ചാത്തലത്തിൽ അതേകുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നതിനും, ഓണ്‍ ലൈൻ വിദ്യാഭ്യാസത്തിനുമായി ഫോര്‍ ജി സേവനം പുനഃസ്ഥാപിക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. 

എന്നാല്‍ ജമ്മു കശ്മീരിൽ ഫോര്‍ ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.  ഇന്‍റര്‍നെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇതിന് കാരണമായി കേന്ദ്രം സുപ്രീംകോടതിയില്‍ വിശദീകരിച്ചത്. എന്നാല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് സാധിക്കുമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.