സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമർശനത്തോടെ റദ്ദാക്കി സുപ്രീംകോടതി.  

​ഗാന്ധിന​ഗർ: സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമർശനത്തോടെ റദ്ദാക്കി സുപ്രീംകോടതി. ആവിഷ്ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. 

ഹേ രക്തദാഹിയായ മനുഷ്യ കേൾക്കൂ എന്ന് അർത്ഥം വരുന്ന കവിതയാണ് എംപി ഫേസ്ബുക്കിൽ നേരത്തെ പോസ്റ്റ് ചെയ്തത്. ഇതിനെതിരായ പരാതിയിലാണ് വരികൾ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരം വ്രണപ്പെടുത്തുന്നതെന്നും ആരോപിച്ച് യുപി ഗുജറാത്ത് പൊലീസ് എടുത്തത്. കേസിനെതിരെ എംപി നൽകിയ ഹർജി അംഗീകരിച്ച കോടതി ഗുജറാത്ത് പൊലീസിനെതിരെ കടുത്ത വിമർശനം ഉയർത്തി. 

ഒരാൾ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികൾ സംരക്ഷിക്കണം. അഭിപ്രായ സ്വാതന്ത്യത്തിന് ചില നിയന്ത്രണങ്ങൾ ഭരണഘടനയിലുണ്ട്. എന്നാൽ ദുർബലമനസുള്ള വ്യക്തിയുടെ കാഴ്ചപ്പാട് അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലയിരുത്തരുത്. ജനാധിപത്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം അനിവാര്യമെന്നും കോടതി ഓർമ്മിപ്പിച്ചു.

ഭരണഘടന മൂല്യങ്ങൾ ഉറപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കാൻ വിസ്സമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയേയും സുപ്രീം കോടതി വിമർശിച്ചു. പല സംസ്ഥാനങ്ങളിലും മാധ്യമപ്രവർത്തകരും കാർട്ടൂണിസ്റ്റുകളും സ്റ്റാൻഡപ് കൊമേഡിയൻമാരും നടപടി നേരിടുമ്പോഴാണ് സുപ്രീംകോടതിയുടെ ഈ മുന്നറിയിപ്പ്. പൊലീസ് നടപടിക്ക് കീഴ്ക്കോടതികളിൽ നിന്ന് പിന്തുണ കിട്ടുന്നതിലുള്ള അതൃപ്തി കൂടിയാണ് സുപ്രീംകോടതി പ്രകടിപ്പിച്ചിരിക്കുന്നത്. 

'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം': കവിത പ്രചരിപ്പിച്ച കേസ് റദ്ദാക്കി സുപ്രീംകോടതി