ദില്ലി: വിശ്വാസികള്‍ക്ക് മൃതദേഹങ്ങൾ സ്വന്തം വിശ്വാസം അനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടുള്ള യാക്കോബായ സഭയുടെ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ കോടതിയാണ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയത്. വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും യാക്കോബായ സഭക്ക്  സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 

അതേസമയം, സ്വന്തം വിശ്വാസം അനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവകാശം നിഷേധിക്കരുതെന്ന് സമാനമായ മറ്റൊരു കേസിൽ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശം നടത്തി. ഇക്കാര്യത്തിൽ ചൊവ്വാഴ്ച വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.