Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മുൻ മുംബൈ പൊലീസ് കമ്മീഷണ‍ർക്ക് തിരിച്ചടി

ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗുരുതരമാണെങ്കിലും അന്വേഷണ ഏജൻസിയെ ആവശ്യപ്പെട്ടുള്ള ഹർജിയുമായി പോവേണ്ടത് ഹൈക്കോടതിയിലാണെന്ന് സുപ്രീംകോടതി...

supreme court reject demanding CBI probe against Maharashtra home minister
Author
Delhi, First Published Mar 24, 2021, 2:22 PM IST

മുംബൈ: മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 
സുപ്രീംകോടതിയെ സമീപിച്ച മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർസിംഗിന് തിരിച്ചടി. ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ ഗവർണറെ കണ്ടു.

ഇതോടെ മുംബൈ പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റപ്പെടതിന് പിന്നാലെ ആഭ്യന്തര മന്ത്രിക്കെതിരെ പരംബീർസിംഗ് തുടങ്ങിയ നിയമ പോരാട്ടം സുപ്രീകോടതിയിൽ നിന്ന് ഹൈക്കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗുരുതരമാണെങ്കിലും അന്വേഷണ ഏജൻസിയെ ആവശ്യപ്പെട്ടുള്ള ഹർജിയുമായി പോവേണ്ടത് ഹൈക്കോടതിയിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

പൊലീസുകാരെ ഉപയോഗിച്ച് മാസാമാസം വ്യവസായികളിൽ നിന്ന് 100കോടി പിരിവ് നടത്താൻ മന്ത്രി ശ്രമിച്ചെന്നാണ് ആരോപണം. മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കിയ പ്രതിപക്ഷം മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ഇന്ന് ​ഗവർണറെ കണ്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കപ്പെട്ട നാളുകളിൽ മന്ത്രി കൊവിഡ് ചികിത്സയിലായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥരെയൊന്നും കണ്ടിട്ടില്ലെന്നുമാണ് ഇപ്പോഴും എൻസിപി നേതൃത്വം പറയുന്നത്. 

മന്ത്രി ഉദ്യോഗസ്ഥരുമായിനടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ ഫഡ്നാവിസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. അമ്പാനിയുടെവസതിക്ക് മുന്നിൽ ബോംബ് കണ്ടെത്തിയ കേസിലെ അന്വേഷണത്തിലുണ്ടായ വീഴ്ചയെ തുടർന്നാണ് പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് പരംഭീർസിംഗിനെ മാറ്റിയത്.  സംസ്ഥാന സർക്കാരിനെ മറികടന്ന് കേന്ദ്രം അന്വേഷണം എൻഐഎയെ ഏൽപിക്കുകയും ചെയ്തു. എന്നാൽ കേസ് രേഖകളൊന്നും മഹാരാഷ്ട്രാ പൊലീസ് ഇപ്പോഴും കൈമാറുന്നില്ലെന്ന പരാതിയുമായി എൻഐഎ കോടതിയെ സമീപിച്ചു.

Follow Us:
Download App:
  • android
  • ios