ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം.
ദില്ലി: അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി. അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം തേടിയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും, സാധാരണ പൗരന്മാര്‍ക്കുള്ള അവകാശങ്ങളേയുള്ളൂവെന്നും കോടതി നിലപാടറിയിച്ചതോടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത ഹര്‍ജി പിന്‍വലിച്ചു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ആദ്യ നീക്കമായിരുന്നു അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം. സിബിഎയും ഇഡിയുമെടുത്ത ഭൂരിഭാഗം കേസുകളും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ്. കേസുകള്‍ തീര്‍പ്പാക്കുന്നതിന് വലിയ കാലതാമസമുണ്ടാകുന്നു. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ഉന്നം. അതുകൊണ്ട് അറസ്റ്റിനും, റിമാന്‍ഡിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ് വി ആവശ്യപ്പെട്ടത്.
എന്നാല്‍, വ്യക്തിപരമായ കേസുകള്‍ പരിഗണിക്കുകയോ, പരിഹാരം കാണുകയോ ചെയ്യാമെന്നും അല്ലാതെ പൊതു നിര്‍ദ്ദേശം പുറപ്പെടുവിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചീഡ്, ജസ്റ്റിസ് ജെ ബി പര്‍ഡിവാല എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സാധാരണക്കാരനുള്ള പരിരക്ഷയേ രാഷ്ട്രീയക്കാര്‍ക്കുമുള്ളൂ. രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന പരാതിക്ക് രാഷ്ട്രീയമായി തന്നെ പരിഹാരം കാണണം. അതിനുള്ള ഇടം കോടതിയല്ലെന്നും ചീഫ് ജസ്റ്റിസ് ശക്തമായ നിലപാടെടുത്തു.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള രാഷ്ട്രീയ നീക്കം: പ്രതിപക്ഷ കക്ഷികളെ ഒരു വേദിയിലെത്തിച്ച് സ്റ്റാലിൻ
ഇതോടെ, കോൺഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പാർട്ടികൾ സംയുക്തമായി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രതിപക്ഷത്തിന് തിരിച്ചടി നേരിട്ടത് സര്‍ക്കാരിന് ബലമാകുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

