വാദത്തിനിടെ പല തവണയും കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. ഹർജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹര്‍ജി ഇന്ന് തന്നെ പരിഗണിച്ചതെന്നും എന്നാൽ യതൊരു അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നതെന്നും കോടതി നീരീക്ഷിച്ചു.
ദില്ലി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. അടുത്ത ബുധനാഴ്ച ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനിരിക്കെയാണ് ഹർജി കോടതിക്ക് മുന്നിലെത്തിയത്. മുർസലിൻ അസിജിതി ശെയ്ഖ് എന്ന വ്യക്തിയാണ് ഹർജിയുമായി എത്തിയത്.
ഹർജി രാവിലെ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുൻപാകെ പരാമർശിക്കുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് മുൻപ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. മുതിർന്ന അഭിഭാഷകർക്ക് ചന്ദ്രചൂഡ് കൂടുതൽ പരിഗണന നൽകുന്നുവെന്നും ജൂനിയർ അഭിഭാഷകർക്ക് പരിഗണന നൽകുന്നില്ലെന്നും ഉൾപ്പെടെയുള്ള വാദങ്ങളാണ് ഹർജിക്കാരൻ കോടതിക്ക് മുമ്പാകെ വച്ചത്. കൂടാതെ സുപ്രീം കോടതിയുടെ മുൻകാല ബെഞ്ചുകളുടെ വിധികളെ മറികടന്നും അവഗണിച്ചും പല വ്യവഹാരങ്ങൾക്കും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അർഹമായ നീതി നിഷേധിച്ചെന്നും ഹർജിക്കാരൻ വാദിച്ചു.
ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ മകൻ ബോംബേ ഹൈക്കോടതിയിൽ ഹാജരായ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ അത് പരിഗണിച്ച് അനൂകൂല വിധി നൽകിയെന്നും അഭിഭാഷകൻ കോടതിയോട് പറഞ്ഞു. വാദത്തിനിടെ കോടതി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ പലപ്പോഴും ഹർജിക്കാരന് കഴിഞ്ഞില്ല. ഹർജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹര്‍ജി ഇന്ന് തന്നെ പരിഗണിച്ചതെന്നും എന്നാൽ യതൊരു അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നതെന്നും കോടതി നീരീക്ഷിച്ചു. ഹർജി തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. ബുധനാഴ്ച്ചയാണ് ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുക.
ജസ്റ്റിസ് ഡി .വൈ ചന്ദ്രചൂഡ് പിതാവിന്‍റെ വിധികൾ തിരുത്തിയ മകന്‍
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ സേഫ്റ്റിവാല്‍വാണെന്ന ഒറ്റ പരാമർശം മാത്രം മതിയാകും പരമോന്നത നീതി പീഠത്തിന്‍റെ അടുത്ത തലവനെ വരച്ച് കാട്ടാൻ. ധനഞ്ജയ് യശ്വന്ത ചന്ദ്രചൂഡ് എന്ന് ഡി വൈ ചന്ദ്രചൂഡ് പിതാവും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്‍റെ പാത പിൻതുടർന്നാണ് നിയമ രംഗത്തേക്ക് കാൽവെക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം , ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശം, പൗരന്‍റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീ കോടതി ഭരണഘടനാ ബഞ്ച് പുറത്തിറക്കിയ സുപ്രധാന വിധികളില്‍ എല്ലാം ജ. ചന്ദ്രചൂഡിന്‍റെ വ്യത്യസ്ഥമായ കൈയൊപ്പുണ്ടായിരുന്നു.
സുപ്രധാന കേസുകളിലെ വിധികളിലൂടെയും നീരീക്ഷണങ്ങളിലൂടെയും ചന്ദ്രചൂഡ് എന്നും വാർത്തകളിൽ ഇടം നേടി. സ്ത്രീകളുടെ ആരാധനാവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന ശബരിമല സ്ത്രീപ്രവേശന വിധിയിലെ പരാമർശം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന് പങ്കാളിത്തമുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചും, വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് റദ്ദാക്കിയും പിതാവ് വൈ വി ചന്ദ്രചൂഡിന്‍റെ വിധികൾ ഡി വൈ ചന്ദ്രചൂഡ് രണ്ട് തവണ തിരുത്തി. ദില്ലി സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ഡി വൈ ചന്ദ്രചൂഡ് ബോംബെ, അലഹബാദ് ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. 2016 മെയ് 13-നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2024 നവംബർ പത്ത് വരെയാണ് ചന്ദ്രചൂഡിന്‍റെ ചിഫ് ജസ്റ്റിസായുള്ള കാലാവധി.
