Asianet News MalayalamAsianet News Malayalam

കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ നൽകാനാകില്ല, സുപ്രീംകോടതി ഹർജി തള്ളി

വിവരാവകാശ പ്രകാരം മറുപടി ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞു. 

Supreme court rejected the plea to make the details of the collegium meeting public
Author
First Published Dec 9, 2022, 12:42 PM IST

ദില്ലി: കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. 
2018 ഡിസംബര്‍ 12 ന് ചേര്‍ന്ന കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോകൂറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. യോഗത്തില്‍ രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി എന്നായിരുന്നു ജസ്റ്റീസ് മദന്‍ ബി. ലോകൂറിന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ അന്തിമ തീരുമാനം മാത്രമേ പരസ്യപ്പെടുത്താന്‍ കഴിയു എന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എം.ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. 

11 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലമാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നിയമനത്തിന് കൊളീജീയം ശുപാർശ അടക്കം പരിഗണനയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 146 ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളിലാണെന്നും സർക്കാർ അറിയിച്ചു. ഇതിൽ കേരള ഹൈക്കോടതിയിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ പേരുകളുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖർഗെ, ജോൺ ബ്രിട്ടാസ് എംപിമാരുടെ ചോദ്യത്തിനാണ് മറുപടി. ജഡ്ജിമാരുടെ നിയമനത്തിനായി മുൻപ് കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മറ്റി പുനസ്ഥാപിക്കാൻ ആലോചനയില്ലെന്നും നിയമമന്ത്രി നൽകിയ മറുപടിയിൽ പറയുന്നുണ്ട്.  

അതേസമയം ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീതാണ് സുപ്രീംകോടതി ഇന്നലെ നല്‍കിയത്. കൊളീജിയം എന്നത് ഈ രാജ്യത്തിന്‍റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്നാണ് കോടതി വ്യക്തമാക്കിയത്. കൊളീജിയത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ അത്ര നല്ലനിലയ്ക്കല്ല എടുക്കുന്നത്. അതിരുവിട്ട വിമര്‍ശനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്‍റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള അനിഷ്ടം രൂക്ഷമായി പ്രകടിപ്പിച്ചത്. നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios