പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശം.

ദില്ലി: തെരുവുനായ കേസിൽ കർശന ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യ ജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചു. എബിസി ചട്ടങ്ങൾ അടക്കം നടപ്പാക്കുന്നത് നിിരീക്ഷിക്കാൻ എല്ലാ ഹൈക്കോടതികളിലും പ്രത്യേക ബഞ്ച് രൂപീകരിക്കാനും സുപ്രീം കോടതി ഉത്തരവ് നൽകി.

Add Asianetnews as a Preferred SourcegooglePreferred

തെരുവുനായ പ്രശ്നത്തിൽ അതിനിർണായകമായ ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എൻ ജെ അൻജാരിയാ എന്നിവരടങ്ങിയ ബഞ്ചിൻ്റെ നിർദ്ദേശങ്ങൾ ഇങ്ങനെ. മനുഷ്യജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊലപ്പെടുത്താം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകുന്നത് അംഗീകരിക്കാനാകില്ല. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇവർക്കെതിരെ കേസുകൾ അടക്കം പാടില്ല. തടസ്സം നിൽക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു ഇടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവുനായകളെ പിടികൂടുന്നത് അവിടെ തുറന്നുവിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. എബിസി ചട്ടങ്ങൾ പൂർണ്ണമായും നടപ്പാക്കിയെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച സർക്കാർ സംവിധാനങ്ങൾക്ക് ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു.

രാജ്യത്തെ എല്ലാ ജില്ലകളിലും പൂർണ്ണ തോതിൽ പ്രവർത്തിക്കുന്ന എബിസി സെൻ്റർ വേണം. ആശുപത്രികളിൽ പേവിഷ ബാധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കണം. നായകടി ഏറ്റവർക്ക് ചികിത്സ നൽകാൻ ആശുപത്രികളിൽ പ്രത്യേക സംവിധാനവും ഒരുക്കണം. ദേശീയപാതകൾ, മറ്റ് റോഡുകൾ, എക്പ്രസ് വേകൾ എന്നിവിടങ്ങളിൽ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഹൈക്കോടതികളെ ചുമതലപ്പെടുത്തി. ഇതിനായി രണ്ടംഗ ബെഞ്ച് ഹൈക്കോടതികളിൽ രൂപീകരിക്കണം. നടപ്പാക്കിയ കാര്യങ്ങൾ സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഓഗസ്റ്റ് അഞ്ചിനുള്ളിൽ അതത് ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ ഇക്കാര്യം നവംബർ 17നുള്ളിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് ആയി സമർപ്പിക്കണം.

രാജ്യത്ത് തെരുവുനായകളുടെ ആക്രമണം വർധിക്കുമ്പോൾ സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് പൂർണ്ണ അധികാരം ഈ കർശന നിർദ്ദേശങ്ങളിലൂടെ സുപ്രീംകോടതി ഉറപ്പാക്കിയിരിക്കുകയാണ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News