വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ഇടക്കാല സംരക്ഷണം. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതി സെപ്റ്റംബർ ഏഴിന് റദ്ദാക്കിയ ഇടക്കാല സംരക്ഷണമാണ് സുപ്രീംകോടതി പുനസ്ഥാപിച്ചത്.
ദില്ലി: വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ഇടക്കാല സംരക്ഷണം പുനഃസ്ഥാപിച്ചു സുപ്രീംകോടതി. മധ്യപ്രദേശ് ഹൈക്കോടതി സെപ്റ്റംബർ ഏഴിന് റദ്ദാക്കിയ അറസ്റ്റിൽ നിന്നുള്ള സംരക്ഷണമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് നടത്തുന്ന അന്വേഷണത്തിൽ കാർത്തിക് സെപ്റ്റംബർ 28ന് രാവിലെ 11ന് ഹാജരായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ആഗ്രയിൽ പത്ത് പുലിത്തോലുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി. വൈൽഡ്‌ലൈഫ് എസ്‌ഒഎസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലിത്തോലുകൾ കണ്ടെത്തിയതെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ ഇവ മധ്യപ്രദേശിൽ നിന്ന് എത്തിച്ചതാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് മധ്യപ്രദേശിൽ വന്യജീവി കുറ്റകൃത്യവുമായി ബന്ധപ്പെട്ട റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് കാർത്തിക് ഹൈക്കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ രണ്ടിന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സെപ്റ്റംബർ ഏഴിന് അത് പിൻവലിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കാർത്തിക് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണത്തിൽ കാർത്തിക് പൂർണമായി സഹകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.
സെപ്റ്റംബർ 28ന് മധ്യപ്രദേശിലെ ശിവപുരിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി ആവശ്യമായ വിവരങ്ങൾ നൽകാനാണ് നിർദേശം. അതേസമയം മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്സ് നടത്തുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് കാർത്തിക് വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങളും അന്വേഷണവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വസ്തുതകൾ അവതരിപ്പിച്ച് നീക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാർത്തിക് പ്രതികരിച്ചു.


