രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കൾക്കും അവകാശം ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ദില്ലി: നിയമപരമായി സാധുതയില്ലാത്ത വിവാഹത്തിൽ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂർവികസ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കൾക്കും അവകാശം ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
വിവാഹത്തിന് പുറത്തുള്ള ബന്ധത്തിൽ പിറന്ന കുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടോയെന്നതിലാണ് സുപ്രീംകോടതി തീർപ്പ് കൽപിച്ചത്. 2011ലെ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. മുമ്പ് ഹിന്ദു പിന്തുടർച്ചവകാശ നിയമപ്രകാരം നിയമ സാധുതയില്ലാത്ത വിവാഹത്തിലുള്ള മക്കൾക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തിൽ ഇവർക്ക് അവകാശം നൽകിയിരുന്നില്ല. ഇത് ശരിവെച്ച മദ്രാസ് ഹൈക്കോടതി വിധിയെ ഉൾപ്പടെ ചോദ്യം ചെയ്താണ് വിവിധ ഹർജികൾ സുപ്രീംകോടതിയിൽ എത്തിയത്.
Also Read: സീരിയൽ നടി അപർണ നായരുടെ ആത്മഹത്യ; ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്ന് എഫ്ഐആര്‍
സാമൂഹിക സാഹചര്യങ്ങൾ മാറുമ്പോൾ മുമ്പ് നിയമ വിരുദ്ധമായതിന് ചിലപ്പോൾ നിയമ സാധുത നൽകേണ്ടി വരുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി വിധി. ലിവിങ് ടുഗതർ ആയി ജീവിക്കുന്ന പങ്കാളികൾക്ക് ജനിക്കുന്ന കുട്ടികൾക്കും ഈ വിധിയുടെ ആനുകൂല്യം ലഭിക്കും. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിൽ ഉൾപ്പെടെ ജനിക്കുന്ന കുട്ടികൾക്കും സ്വത്ത് അവകാശം നൽകുന്നതാണ് പുതിയ വിധി. കേസിൽ ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷക കിരൺ സൂരി, അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് എന്നിവർ ഹാജരായി.
