ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതി താക്കീത്. ഈ ആവശ്യം ന്യായരഹിതമാണെന്ന് നിരീക്ഷിച്ച കോടതി, ഇരുകൂട്ടരോടും വീണ്ടും മീഡിയേഷൻ സെന്‍ററിൽ ചർച്ചകൾ നടത്താൻ നിർദ്ദേശിച്ചു.
ദില്ലി: ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററിൽ പോയി ഒത്തുതീർപ്പ് ചർച്ചകൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ ആവശ്യം തുടരുകയാണെങ്കിൽ വളരെ കടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വിവാഹബന്ധം ഒരു വർഷം മാത്രമാണ് നീണ്ടുനിന്നതെന്നും, ഭാര്യയുടെ ഉയർന്ന സാമ്പത്തിക ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
കോടതി ഈ കേസിൽ നടത്തിയ നിരീക്ഷണങ്ങളും ചര്‍ച്ചയായിട്ടുണ്ട്. "നിങ്ങൾ അവളെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. നിങ്ങൾക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങൾ വളരെ വലുതാണ്" എന്ന് ജസ്റ്റിസ് പർദിവാല ഭർത്താവിന്‍റെ അഭിഭാഷകനോട് പറഞ്ഞു. അഞ്ച് കോടി രൂപയുടെ ആവശ്യം ന്യായരഹിതമാണെന്നും, ഇത് പ്രതികൂലമായ ഉത്തരവുകൾക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.
കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, ആമസോണിൽ എഞ്ചിനീയറായ ഭർത്താവ് നിയമപരമായ തർക്കം അവസാനിപ്പിക്കാൻ 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭാര്യ ഈ വാഗ്ദാനം നിരസിച്ചു. ഒക്ടോബർ അഞ്ചിന് രാവിലെ 11.30ന് സുപ്രീം കോടതി മീഡിയേഷൻ സെന്‍ററിൽ ഹാജരാകാൻ കോടതി ഇരു കക്ഷികളോടും ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഈ വിഷയം വീണ്ടും പരിഗണിക്കും. നേരത്തെ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിന്‍റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. കൂടാതെ, പ്രശ്നം പരിഹരിക്കുന്നതിന് ന്യായമായ സമീപനം സ്വീകരിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു.


