ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ അഭിഭാഷകരുടെ ചേംബറുകൾ അടക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. അഭിഭാഷകർക്ക് വീട്ടിലിരുന്ന് കേസ് വാദിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനം നടപ്പിലാക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ വ്യക്തമാക്കി. എവിടെ വേണമെങ്കിലും ഇരുന്ന് കേസുകൾ വാദിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും. വീഡിയോ കോളിലൂടെ കേസ് വാദിക്കാനുള്ള സജ്ജീകരണങ്ങൾ എത്രയും പെട്ടെന്ന് തന്നെ അഭിഭാഷകർക്ക് നൽകും. അടിയന്തര സാഹചര്യത്തിൽ വീഡിയോ കോൺ‌ഫറൻസിം​ഗിലൂടെ ആയിരിക്കും കേസുകൾ പരി​ഗണിക്കുക. ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. 

അഭിഭാഷകർക്ക് അവരവരുടെ ഓഫീസുകളിൽ ഇരുന്നും വീഡിയോ കോൺഫറൻസിം​ഗ് നടത്താൻ സാധിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ വൈകുന്നേരം അഞ്ച് മണിയോടെ അഭിഭാഷകരുടെ ചേംബറുകളും അടച്ചുപൂട്ടും. അഭിഭാഷകർക്ക് കോടതിയിലേക്ക് വരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 140 രാജ്യങ്ങളിലാണ് കൊറോണ വൈറസ് പടർന്നുപിടിച്ചിരിക്കുന്നത്.