സ്ഥിതി വളരെ ഗുരുതരമാണെന്നും വിഷയം ആഴത്തിൽ വാദിക്കേണ്ടതുണ്ടെന്നും നായ്ക്കളെ പരിപാലിക്കുന്ന ഒരു എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

ദില്ലി: ദില്ലി-ദേശീയ തലസ്ഥാന മേഖലയിലെ (എൻ‌സി‌ആർ) തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച സുപ്രീം കോടതി, ഓ​ഗസ്റ്റ് 11ന് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ചു. തെരുവ് നായ് വിഷയം കൈകാര്യം ചെയ്തതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചു. ദില്ലി-എൻ‌സി‌ആറിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്‌നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്‌ക്രിയത്വമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദില്ലി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) നിലപാടിനെ ചോദ്യം ചെയ്ത സുപ്രീം കോടതി, അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികൾ മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുനിസിപ്പൽ കോർപ്പറേഷന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഇത് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല. അവർ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവിടെ വരണം. ഹര്‍ജി ഫയൽ ചെയ്യാൻ ഇവിടെ വന്ന എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ജസ്റ്റിസ് നാഥ് പറഞ്ഞു.

രാജ്യത്ത് ഒരു വർഷത്തിനിടെ 37 ലക്ഷത്തിലധികം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദില്ലി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. നായ്ക്കള്‍ക്കുവേണ്ടി ഉച്ചത്തിൽ സംസാരിക്കുന്ന ഒരു ന്യൂനപക്ഷവും നിശബ്ദമായി കഷ്ടപ്പെടുന്ന ഭൂരിപക്ഷവുമുണ്ട്. മാംസം കഴിക്കുന്നതിന്റെയും മറ്റും വീഡിയോകൾ പോസ്റ്റ് ചെയ്ത് മൃഗസ്നേഹികളാണെന്ന് അവകാശപ്പെടുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ടെന്നും തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികൾ മരിക്കുന്നു. വന്ധ്യംകരണം കൊണ്ട് റാബിസ് തടയാനാവില്ല. പ്രതിരോധ കുത്തിവയ്പ്പ് നൽകിയാലും കുട്ടികളുടെ അംഗഭംഗം തടയാനാവില്ല. കുട്ടികളെ തുറസ്സായ സ്ഥലത്ത് കളിക്കാൻ അയയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല. സർക്കാരിന്റെ നിലപാടല്ല, എന്റെ നിലപാടാണിതെന്നും കോടതി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതി വളരെ ഗുരുതരമാണെന്നും വിഷയം ആഴത്തിൽ വാദിക്കേണ്ടതുണ്ടെന്നും നായ്ക്കളെ പരിപാലിക്കുന്ന ഒരു എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഡൽഹി-എൻ‌സി‌ആറിലെ തെരുവ് നായ്ക്കളെ എത്രയും വേഗം പിടികൂടി നായ്ക്കളുടെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന നിർദ്ദേശം ഉൾപ്പെടെ ഓഗസ്റ്റ് 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന് സിബൽ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 11 ന്, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് അധികാരികളോട് ഉടൻ തന്നെ ഡോഗ് ഷെൽട്ടറുകൾ അല്ലെങ്കിൽ പൗണ്ട്സ് നിർമിക്കാനും എട്ട് ആഴ്ചയ്ക്കുള്ളിൽ തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു.