Asianet News MalayalamAsianet News Malayalam

പെഗാസസ് അന്തിമ റിപ്പോർട്ട് ഇന്ന് സുപ്രീംകോടതിയിൽ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

മുദ്രവച്ച കവറിലാണ് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് കൈമാറിയിട്ടുള്ളത്

Supreme court to consider Pegasus case today
Author
Delhi, First Published Aug 25, 2022, 8:47 AM IST

ദില്ലി: പെഗസസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂർത്തിയാക്കുന്നതിന് സമിതിക്ക് ആദ്യം അനുവദിച്ചിരുന്ന സമയപരിധി മെയ് 20 വരെ ആയിരുന്നു. എന്നാൽ പിന്നീട് സമിതി ആവശ്യപ്പെട്ടതിനെ തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ ഇരുപത് വരെ സമയം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി.രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരും പെഗസസ് പരിഗണിക്കുന്ന ബെഞ്ചിലുണ്ട്. 

പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ, ചോർത്തിയെങ്കിൽ ആരെല്ലാം ഇരകളായി, ഇക്കാര്യത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു, ആരെല്ലാമാണ് പെഗസസ് വാങ്ങിയത്, നിയമവിധേയമായാണോ പെഗസസ് ഉപയോഗിച്ചത് തുടങ്ങി 7 വിഷയങ്ങളാണ് ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ സമിതി പരിശോധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപി, മാധ്യമപ്രവർത്തകൻ എൻ.റാം, സിദ്ധാർത്ഥ് വരദരാജ് എന്നിവരുടെ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ചോർത്തപ്പെട്ട ചില ഫോണുകളുടെ സാങ്കേതിക പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഡിജിറ്റൽ ഫൊറൻസിക് പരിശോധനാഫലം അടക്കം സമിതി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. 

ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിൽ, ഗുജറാത്ത് സർക്കാരിന്‍റെ നിലപാട് കോടതി പരിശോധിക്കും

 ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ച് ഗുജറാത്ത് എടിഎസാണ് ടീസ്റ്റയ്ക്കെതിരെ കേസെടുത്തത്. ഗുജറാത്ത് സർക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ നിലപാട് അറിയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചത്. ഈ മറുപടി കൂടി പരിശോധിച്ച് ശേഷമാകും ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാകുക.

Follow Us:
Download App:
  • android
  • ios