കര്‍ണാടകത്തിൽ കൂറുമായിയ 15 എം.എൽ.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അതിനെതിരെ പുറത്താക്കപ്പെട്ട എം.എൽ.എമാര്‍ നൽകിയ ഹര്‍ജിയിലാണ് മറ്റൊരു വിധി

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്നതിൽ നാളെ സുപ്രീംകോടതി വിധി പറയും. ഇതുകൂടാതെ അയോഗ്യരാക്കിയതിനെതിരെ കര്‍ണാടകത്തിലെ 15 എം.എൽ.എമാര്‍ നൽകിയ ഹര്‍ജിയിലും ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസിലും നാളെ സുപ്രീംകോടതിയുടെ വിധി പ്രഖ്യാപനം വരും. 

ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് തന്നെയാണ് വിധി പറയുന്നത്. എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വര്‍ഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ൽ പാസാക്കിയിരുന്നു. 

2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്‍.ടി.ഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്‍.ടി.ഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി. 

ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമോ എന്ന കേസിലെ വിധി ചീഫ് ജസ്റ്റിസ് തന്നെ പറയാൻ പോകുന്നു എന്ന പ്രത്യേക കൂടി ഈ വിധിക്കുണ്ട്. ട്രൈബ്യൂണലുകളെ ദേശീതലത്തിലുള്ള ഒരു സംവിധാനത്തിന് കീഴിൽ കൊണ്ടുവരന്നതിനെതിരെയുള്ള ഹര്‍ജികളിലെ വിധിയാണ് മറ്റൊന്ന്. ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനം, ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയെ മാത്രമെ സമീപിക്കാവൂ എന്ന വ്യവസ്ഥയിലെ മാറ്റമടക്കം നിരവധി വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയും. 

കര്‍ണാടകത്തിൽ കൂറുമായിയ 15 എം.എൽ.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അതിനെതിരെ പുറത്താക്കപ്പെട്ട എം.എൽ.എമാര്‍ നൽകിയ ഹര്‍ജിയിലാണ് മറ്റൊരു വിധി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കര്‍ണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ കോടതിയാണ് കര്‍ണാട കേസിലെ വിധി പറയുക. ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ വിധി ചിലപ്പോള്‍ നാളെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിലെ അന്തിമതീരുമാനം ഇന്ന് വൈകീട്ടുണ്ടാകും.