Asianet News MalayalamAsianet News Malayalam

ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി: രണ്ട് കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ഇഡിക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ വിധിക്കെതിരായ പുനഃപരിശോധന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർണായക ഉത്തരവ്.

Supreme Court will review the order upholding the powers of the ed
Author
Delhi, First Published Aug 25, 2022, 2:24 PM IST

ദില്ലി: ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭാഗികമായിട്ടാകും ഉത്തരവ് പുനഃപരിശോധിക്കുക. കേസിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

ഇഡിക്ക് വിപുലമായ അധികാരങ്ങൾ ലഭിക്കാൻ വഴിയൊരുക്കിയ വിധിക്കെതിരായ പുനഃപരിശോധന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർണായക ഉത്തരവ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി തയാറാക്കുന്ന പ്രഥമ വിവര റിപ്പോർട്ട് ആരോപണം നേരിരുന്ന വ്യക്തിക്കോ പ്രതിക്കോ നൽകേണ്ടതില്ല,  ആരോപണ വിധേയനല്ല എന്ന് തെളിയിക്കേണ്ടത് കേസ് നേരിടുന്ന വ്യക്തിയുടെ ഉത്തരവാദിത്തമാണ് തുടങ്ങിയ നിയമത്തിലെ വ്യവസ്ഥകളാകും പ്രധാനമായി പുനഃപരിശോധിക്കുകയെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകളിലും പരിശോധനയുണ്ടാകും. പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. 

കള്ളപ്പണമോ കള്ളപ്പണം വെളുപ്പിക്കലോ തടയുന്നതിനെ പൂർണമായും പിന്തുണയ്ക്കുന്നു എന്ന് കോടതി അറിയിച്ചു. രാജ്യത്തിന് അത്തരം കുറ്റകൃത്യങ്ങൾ താങ്ങാനാവില്ല. എന്നാൽ, നിയമത്തിലെ ചില വ്യവസ്ഥകളിൽ പുനർചിന്തനം വേണമെന്നും  കോടതി വാദത്തിനിടെ നീരീക്ഷിച്ചു. കേസ് നാല് ആഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. പ്രതികളായവർക്ക് അതുവരെ അറസ്റ്റിൽ നിന്ന ഇടക്കാല സംരക്ഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. പാർലമെന്‍റ് പാസാക്കിയ നിയമത്തിലെ ഇഡിയുടെ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ് ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ കാർത്തി ചിദംബരമാണ് പുനപരിശോധനയ്ക്കായി കോടതിയെ സമീപിച്ചത്.  

ഇഡിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശാല അധികാരങ്ങൾ നൽകുന്ന നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബഞ്ചിന്‍റെ പ്രധാന തീരുമാനങ്ങൾ ഇങ്ങനെ....

  • പിഎംഎൽഎ നിയമപ്രകാരം ഇഡിക്ക് അറസ്റ്റിനും പരിശോധനയ്ക്കും അധികാരമുണ്ട്. 
  • സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം ഭരണഘടനാ വിരുദ്ധമല്ല.
  • ഇഡിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് ( ECIR) പ്രതിക്ക് നൽകേണ്ടതില്ല  ഇത് രഹസ്യരേഖയായി കണക്കാക്കാം.
  •  അറസ്റ്റിലായാൽ പ്രതിക്ക് കോടതി വഴി രേഖ ആവശ്യപ്പെടാം. 
  • ഇഡി പൊലീസ് അല്ല, ഇസിഐആര്‍ എഫ്ഐറിന് തുല്യമല്ല 
Follow Us:
Download App:
  • android
  • ios