മുഖ്യമന്ത്രിയുടെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക സുപ്രീംകോടതിയെ സമീപിച്ചത്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ ഫയല്‍ ചെയ്ത ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമാ താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ മുഖം മോർഫ് ചെയ്ത് പ്രിയങ്ക ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂൽ നേതാവ് വിഭാസ് ഹസ്ര നല്‍കിയ പരാതിയില്‍ പൊലീസ് പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശർമ സുപ്രീംകോടതിയെ സമീപിച്ചത്. ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിലാണ് മോർഫിംഗ് നടത്തിയത്.

സംഭവത്തിൽ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്‍റെ സംസ്കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം മമത സർക്കാരിന്‍റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റെന്ന് ബിജെപി പ്രതികരിച്ചു.