സൂറത്ത്: സൂറത്തില്‍ കോച്ചിങ് സെന്‍ററിന് തീപിടിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി ഉയര്‍ന്നു.സംഭവത്തില്‍ ട്യൂഷന്‍ സെന്‍റര്‍ ഉടമയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തതിരുന്നത്. ഇതില്‍ ട്യൂഷന്‍ സെന്‍റര്‍ ഉടമയും ഉള്‍പ്പെട്ടിരുന്നു. കെട്ടിടത്തിന്‍റെ ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ, ജിഗ്നേഷ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

തക്ഷശില എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്‍ററിലെ സ്മാര്‍ട്ട് ഡിസൈന്‍ സ്റ്റുഡിയോയിലാണ് തീപിടുത്തമുണ്ടായത്. എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. 

അഗ്നിരക്ഷാ സേനയുടെ പക്കല്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. തീപിടുത്തം നടന്ന മൂന്നാം നിലയിലേക്ക് ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ ആകെ ഒരു കോണി മാത്രമാണുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ 20ലേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

മരിച്ചവരില്‍ 16 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പലരും പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നവരാണ്. ട്യൂഷന്‍ സെന്‍ററിന് താഴെ നിലയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്. രണ്ട് നിലകള്‍ അനധികൃതമായാണ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ട്യൂഷന്‍ സെന്‍ററുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഫയര്‍ സേഫ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.