കൊല്ലാനായി ആറു പേരെ കണ്ടുവച്ചിരുന്നെന്നും അതിൽ നിന്ന് ഫാസിലിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പിടിയിലായവരുടെ മൊഴി

മംഗളൂരു: കര്‍ണാടകത്തിലെ സൂറത്കല്ലിലെ മുഹമ്മദ് ഫാസിലിന്‍റെ കൊലപാതകത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍. സുഹാസ്, മോഹന്‍, ഗിരിധര്‍, അഭിഷേക്, ദീക്ഷിത്ത്, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും മുപ്പത് വയസില്‍ താഴെ പ്രായമുള്ളവരാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഉദ്യോവറില്‍ നിന്നാണ് കൊലപാതക സംഘത്തെ പിടികൂടിയത്. സുഹാസ്, മോഹന്‍, അഭിഷേക് എന്നിവരാണ് ഫാസിലിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലാനായി ആറു പേരെ കണ്ട് വച്ചിരുന്നെന്നും ഒടുവില്‍ ഫാസിലിന്‍റെ പേര് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പിടിയിലായവർ പൊലീസിന് നല്‍കിയ മൊഴി. ഇവ‍ർ നേരത്തേയും കേസുകളില്‍ പ്രതിയാണ്. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഉടമ അജിത്ത് ക്രാസ്റ്റ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സൂറത്കല്ലില്‍ വച്ച് മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടത്. 

മുഖംമൂടി ധരിച്ച് വെളുത്ത കാറിലെത്തിയ നാലംഗ സംഘമാണ് ഇരുപത്തിമൂന്നുകാരൻ ഫാസിലിനെ വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ. യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമാണ് ഫാസിലിന്റേതെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് ഫാസിലിന്റെ മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയിലെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. 

സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ ഈ മാസം 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗ്ലൂരു അതിർത്തി മേഖലകളിൽ കർശന പരിശോധനയും തുടരുകയാണ്. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രദേശത്ത് തുടരുന്നുണ്ട്. സുള്ള്യയിൽ യുവമോർച്ചാ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് കർണാടക സർക്കാർ എൻഐഎ ക്ക് കൈമാറിയിരുന്നു. പോപ്പുലർ ഫ്രണ്ട് , എസ്‍ഡിപിഐ പ്രവർത്തകർ പിടിയിലായതിന് പിന്നാലെയാണ് കേസ് എൻഐഎക്ക് കൈമാറിയത്. ബിജെപി എംപിമാരുൾപ്പെടെ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.