ദില്ലിയിൽ കെ സി വേണുഗോപാലിന്റെ വസതിയിൽ രാത്രി അടിയന്തര വാർത്താസമ്മേളനം വിളിച്ചാണ് കോൺഗ്രസിന്‍റെ ആരോപണം.
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കർണാടകയിലേക്ക് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. നാളെ മുതൽ ആദായ നികുതി, ഇഡി ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു.
ദില്ലിയിൽ കെ സി വേണുഗോപാലിന്റെ വസതിയിൽ രാത്രി അടിയന്തര വാർത്താസമ്മേളനം വിളിച്ചാണ് കോൺഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജേവാലയുമാണ് രാത്രി വൈകി വാർത്താസമ്മേളനം വിളിച്ചത്. തോൽവി ഉറപ്പായ ബിജെപി സർക്കാർ അവസാന അടവും പുറത്തെടുക്കുകയാണെന്ന് ഡി കെ ശിവകുമാർ ആരോപിച്ചു. ബിജെപിക്ക് പരിഭ്രാന്തിയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
