Asianet News MalayalamAsianet News Malayalam

ആല്‍വാര്‍ കൂട്ടബലാത്സംഗം: നീതി കിട്ടും, യുവതിയെ സന്ദര്‍ശിച്ച് രാഹുല്‍

തനിക്കിത് രാഷ്ട്രീയ വിഷയമല്ലെന്നും വൈകാരിക പ്രശ്നമാണെന്നും യുവതിയെ വീട്ടിലെത്തി കണ്ട ശേഷം രാഹുല്‍ പ്രതികരിച്ചു

survivor of alwar gang rape will get justice says rahul gandhi
Author
Rajasthan, First Published May 16, 2019, 11:50 AM IST

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതിക്ക് നീതി ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം. തനിക്കിത് രാഷ്ട്രീയ വിഷയമല്ലെന്നും വൈകാരിക പ്രശ്നമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ദളിത് യുവതിയ്ക്ക് കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയായിരുന്നു ക്രൂരത. പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് തിരക്കാണെന്ന കാരണം പറഞ്ഞ് കേസെടുക്കാന്‍ പൊലീസ് വൈകിച്ചെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. 26ന് പരാതി നല്‍കിയെങ്കിലും മെയ് രണ്ടിനാണ് കേസ് എടുത്തത്. 

ആല്‍വാറില്‍ യുവതിയ്ക്ക് സംഭവിച്ചത്

കടയില്‍ പോകാനിറങ്ങിയ ദമ്പതികളെ രണ്ട്‌ ബെക്കുകളിലായി എത്തിയ സംഘം വഴിയില്‍ തടയുകയായിരുന്നു. വിജനമായ സ്ഥലത്ത്‌ വച്ചായിരുന്നു സംഭവം. സംഘാംഗങ്ങളിലൊരാള്‍ മറ്റുള്ളവര്‍ക്ക്‌ നിര്‍ദേശം നല്‌കിക്കൊണ്ടിരുന്നതായും അയാളാണ്‌ സംഘത്തലവന്‍ എന്ന്‌ വിചാരിക്കുന്നെന്നും യുവതിയുടെ ഭര്‍ത്താവ്‌ പൊലീസില്‍ മൊഴി നല്‌കിയിരുന്നു.

ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. മൂന്നു മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ദമ്പതികളെ അവര്‍ മോചിപ്പിച്ചത്‌. അവരുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട്‌ ദമ്പതികളെ വിളിച്ച്‌ 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്‌തു.

സംഭവം നടന്ന്‌ മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ വിവരം ദമ്പതികള്‍ പുറത്തുപറയുന്നത്‌. ആകെ ഭയന്ന്‌ സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഇരുവരും എന്നും യുവതിയുടെ ഭര്‍ത്തൃസഹോദരന്‍ പറഞ്ഞു. ഏപ്രില്‍ 26ന്‌ വൈകുന്നേരമാണ്‌ സംഭവം നടന്നത്‌. മൂന്ന്‌ ദിവസത്തിന്‌ ശേഷം ആല്‍വാര്‍ പൊലീസ്‌ സൂപ്രണ്ടിന്‌ പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാന്‍ വീണ്ടും ദിവസങ്ങള്‍ വൈകി. തുടര്‍ന്ന്‌ പ്രതിഷേധം ശക്തമാവുകയും പൊലീസ്‌ സൂപ്രണ്ടിനെയും ആല്‍വാര്‍ സബ്‌ ഇന്‍സ്‌പെക്ടറെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

Follow Us:
Download App:
  • android
  • ios