15 രക്ഷാസമിതി അംഗങ്ങളില്‍ 14 പേര്‍ പിന്തുണച്ചെന്നും യുപിഎ ഭരണകാലത്ത് ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ്.

ദില്ലി: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 15 രക്ഷാസമിതി അംഗങ്ങളില്‍ 14 പേര്‍ പിന്തുണച്ചെന്നും സുഷമ പറഞ്ഞു. എന്നാല്‍ യുപിഎ ഭരണകാലത്ത് ഇന്ത്യ ഒറ്റക്കായിരുന്നുവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. 

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എൻ രക്ഷാ സമിതിയിൽ ചൈന വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ചൈനയുടെ നടപടികള്‍ക്കെതിരെ മറ്റു വഴികള്‍ തേടുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ തങ്ങളുടെ നിലപാട് ചട്ടങ്ങള്‍ക്ക് അനുസൃതമെന്ന് ചൈന തിരിച്ചടിച്ചു. വിഷയം പഠിക്കാൻ സമയം ആവശ്യമാണെന്നും ചൈന നിലപാട് എടുത്തിരുന്നു. 

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തെ നാലാം വട്ടമാണ് യു.എൻ സുരക്ഷാ സമിതിയിൽ ചൈന എതിര്‍ക്കുന്നത് . ചൈനയുടെ നിലപാടിൽ ഇന്ത്യ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത അസറിനെതിരായ രാജ്യാന്തര സമുഹത്തിന്റെ നടപടിക്ക് ചൈന തടയിടുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.