ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, സൂറത്തിൽ അധ്യാപകൻ 2 മക്കളെ കൊന്ന് ജീവനൊടുക്കി
സൂറത്ത് : ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് രണ്ട് മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. സൂറത്തിലെ ദിൻഡോലിയിലെ സ്കൂൾ അധ്യാപകനായ 41-കാരനായ അൽപേഷ് ഭായ് ആണ് രണ്ട് വയസും, ഏഴ് വയസും പ്രായമുള്ള മക്കളെ കൊന്ന് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫാൽഗുനി ജില്ലാ പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ്.
തന്റെ ഫോൺ കോളുകൾ എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തിയ ഭാര്യ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന് ബന്ധുക്കളെ വിളിക്കുകയും വാതിൽ തകർത്ത് അകത്ത് കടക്കുകയും ചെയ്തു. അകത്ത് ചെന്നപ്പോഴാണ് കുട്ടികൾ കട്ടിലിലും അൽപേഷ് അവർക്ക് അരികിലും മരിച്ച നിലയിൽ കണ്ടെത്തിയത്.
അൽപേഷിന്റെ വീട്ടിൽ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും രണ്ട് ഡയറികളും മൊബൈൽ ഫോണിൽ നിന്നും ചില വീഡിയോകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഫാൽഗുനിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് അൽപേഷിന്റെ സഹോദരൻ പൊലീസിൽ നൽകിയ പരാതി. അവിഹിത ബന്ധത്തെ തുടർന്ന് അൽപേഷ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.



