Asianet News MalayalamAsianet News Malayalam

എംപിമാർ പാർലമെന്റിന് മുന്നിലെ ധർണ്ണ അവസാനിപ്പിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭ പൂർണ്ണമായി ബഹിഷ്കരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. ഇന്നലെയാണ് എട്ട് എംപിമാരെ രാജ്യസഭ അധ്യക്ഷൻ സഭയിൽ നിന്ന് പുറത്താക്കിയത്

suspended rajyasabha mps protest infront of parliament over
Author
Delhi, First Published Sep 22, 2020, 12:41 PM IST

ദില്ലി: രാജ്യസഭയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റ് കവാടത്തിൽ നടത്തിവന്ന ധർണ്ണ പ്രതിപക്ഷ എംപിമാർ അവസാനിപ്പിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി രാജ്യസഭ പൂർണ്ണമായി ബഹിഷ്കരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി.

ഇന്നലെയാണ് എട്ട് എംപിമാരെ രാജ്യസഭ അധ്യക്ഷൻ സഭയിൽ നിന്ന് പുറത്താക്കിയത്. കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പുറത്താക്കൽ. ബില്ല് അവതരണ വേളയിൽ നാടകീയരം​ഗങ്ങളാണ് അരങ്ങേറിയത്. രാജ്യസഭ ഉപാധ്യക്ഷനോട് അപമര്യാ​ദയായി പെരുമാറിയത് അപലപനീയം എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ‌‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടത്.   സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ അനിശ്ചിതകാല ധർണ തുടങ്ങുകയായിരുന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമായിരുന്നു എംപിമാരുടെ സമരം. സിപിഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് സമരം ചെയ്തത്.

കാർഷിക ബില്ല് പാസ്സാക്കിയ രീതിയിലും, എട്ട് എംപിമാരെ പുറത്താക്കിയ നടപടിയിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി സഭാ നടപടികൾ ബഹിഷ്കരിക്കുകയായിരുന്നു.

എം പിമാർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. ഡിഎംകെയും സമാന ആവശ്യം ഉന്നയിച്ചു. എന്നാൽ, സസ്പെൻഷൻ നടപടി ഇതാദ്യമായിട്ടല്ല എന്നായിരുന്നു രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മറുപടി. രാജ്യസഭ ഉപാദ്ധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ല എന്ന് വെങ്കയ്യനായിഡു പറഞ്ഞു. 13 തവണ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രതിപക്ഷത്തോട് അഭ്യർത്ഥന നടത്തി. അത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പുറത്താക്കപ്പെട്ട അംഗങ്ങൾ അവരുടെ നടപടിയെ ഇപ്പോഴും ന്യായീകരിക്കുന്നു. പുറത്താക്കൽ  നടപടി പിൻവലിക്കാനാകില്ല. എം പിമാർ മാപ്പുപറഞ്ഞാൽ തീരുമാനം പിൻവലിക്കുന്നകാര്യം ആലോചിക്കാമെന്നും രാജ്യസഭ അദ്ധ്യക്ഷൻ വ്യക്തമാക്കി.

സഭയിൽ നടന്ന സംഭവങ്ങൾ ഉപാദ്ധ്യക്ഷൻ അറിയിച്ചതായി വെങ്കയ്യ നായിഡു പറഞ്ഞു. സഭയിലെ സംഭവങ്ങളിൽ ആശങ്ക അറിയിച്ച് ഉപാദ്ധ്യക്ഷൻ ഹരിവംശ് ഉപവാസം ഇരിക്കുന്നതായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്ത തെറ്റ് പ്രതിപക്ഷ അംഗങ്ങൾ തിരിച്ചറിയുന്നില്ല. സഭയിൽ എല്ലാവരും പങ്കാളിയാകണം എന്നുതന്നെയാണ് താല്പര്യം.  ഇപ്പോഴത്തെ സംഭവം ആരോഗ്യകരമായ രീതിയല്ല. സഭയുടെ അന്തസ്സ് ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios