കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 കൗണ്‍സിലര്‍മാരെ കൂടെക്കൂട്ടി സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ചയാണ് സൗമേന്ദുവും കൗണ്‍സിലര്‍മാരും ടിഎംസി വിട്ട് ബിജെപിയില്‍ എത്തിയത്. ഇദ്ദേഹം പാര്‍ട്ടി വിടുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കോണ്ഡൈ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ നീക്കിയിരുന്നു. സുവേന്ദു അധികാരി പങ്കെടുത്ത ബിജെപി പരിപാടിയിലാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. 

തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഒമ്പത് എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ എത്തി. അധികാരി കുടുംബത്തില്‍ നിന്ന് രണ്ട് എംപിമാര്‍ ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്. അധികാരി കുടുംബം അധികകാലം തൃണമൂലില്‍ തുടരില്ലെന്ന് സുവേന്ദു വ്യക്തമാക്കിയിരുന്നു. മമതാ ബാനര്‍ജിയുടെയും ബന്ധുവായ അഭിഷേക് ബാനര്‍ജിയുടെയും നയങ്ങളില്‍ വിയോജിച്ചാണ് പാര്‍ട്ടിവിടുന്നതെന്ന് സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു.