പശ്ചിമ ബംഗാളിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിക്കുമ്പോൾ, മമതയുടെ പരാജയം ആഘോഷിക്കരുതെന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയെ തോൽപ്പിച്ച സുവേന്ദു അധികാരി മുഖ്യമന്ത്രി ആയേക്കും. സത്യപ്രതിജ്ഞ കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. അതേസമയം മമതയുടെ പരാജയം കോൺഗ്രസ് നേതാക്കൾ ആഘോഷം ആക്കരുതെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്നുള്ള അട്ടിമറിയാണ് പരാജയത്തിന് കാരണമെന്ന ആരോപണം കടുപ്പിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ടിഎംസി ജനവിധി അംഗീകരിക്കാത്തത് അക്രമം അഴിച്ചുവിടാനെന്ന് ബിജെപി ആരോപിച്ചു.
മെയ് 9ന് ടാഗോർ ജയന്തി ദിനത്തിൽ കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മമത ബാനർജിയെ മടയിൽ ചെന്ന് വീഴ്ത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, 2026ൽ ആ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നന്ദിഗ്രാമിലല്ല, മറിച്ച് മമതയുടെ സ്വന്തം കോട്ടയായ ഭവാനിപൂരിലാണ് ഇത്തവണ സുവേന്ദു വിജയിച്ചത്. തന്റെ മുൻ നേതാവായ മമതയെ അവരുടെ സുരക്ഷിത താവളത്തിൽ ചെന്ന് പരാജയപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ വിട്ട് കോണ്‍ഗ്രസിൽ എത്തിയ അദ്ദേഹം. സുവേന്ദു ഉടൻ ദില്ലിയിലെത്തും. ഔദ്യോഗിക തീരുമാനത്തിനായി ദില്ലിയിൽ ഇന്ന് ബിജെപി യോഗം ചേരും.
അക്രമ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേന ബംഗാളിൽ തുടരുകയാണ്. ഇന്നലെ പലയിടത്തും പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടുവെന്നും നേതാക്കൾക്ക് ക്രൂരമർദനമേറ്റെന്നും ടിഎംസി പരാതിപ്പെട്ടു. ഇതിൻറെ ചിത്രങ്ങളും പുറത്തു വിട്ടു. അതേസമയം യഥാർത്ഥ ജനവിധി തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസേനയും കേന്ദ്ര ഏജൻസികളും ബിജെപിക്കൊപ്പം നിന്ന് അട്ടിമറിച്ചെന്നാണ് ടിഎംസി ആരോപണം. കൗണ്ടിംഗ് കേന്ദ്രങ്ങളിലടക്കം ടിഎംസി പ്രതിനിധികളെ കയറ്റാതെയും സിസിടിവി ഓഫാക്കിയും അട്ടിമറി നടത്തിയെന്നാണ് മമത ബാനർജിയുടെ പരാതി. ഇന്നലെ ഭവാനിപൂരിലെ കൗണ്ടിംഗ് കേന്ദ്രത്തിലെത്തി മമത പ്രതിഷേധിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു. ഇന്ന് വൈകീട്ടും മമത ബാനർജി മാധ്യമങ്ങളെ കാണുന്നുണ്ട്.
ബംഗാളിലും അസമിലും വോട്ട് മോഷണം നടന്നെന്നും ഇത് ജനാധിപത്യത്തെ തകർക്കാനുള്ള വലിയ നീക്കമാണെന്നും മമതയുടെ വാദത്തോട് യോജിച്ച് രാഹുൽ ഗാന്ധി ആവർത്തിച്ചു. അധിർ രഞ്ജൻ ചൗധരിയടക്കം ബംഗാളിലെ പല കോൺഗ്രസ് നേതാക്കളും ടിഎംസിയുടെ പരാജയം ചൂണ്ടിക്കാട്ടി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയാണ് മമതയുടെ പരാജയം പാർട്ടിക്കകത്തുള്ളവർ ആഘോഷമാക്കരുതെന്ന മുന്നറിയിപ്പ് രാഹുൽ നൽകിയത്. രാഹുലിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. കേരളത്തിലെ ജനവിധിയെ പുകഴ്ത്തിയ രാഹുൽ തോറ്റിടത്ത് വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് പരിഹാസ്യമാണെന്നാണ് വിമർശനം.
ബംഗാളിൽ മമതയുടെ വീഴ്ച പ്രതിപക്ഷത്തിന് ദേശീയ തലത്തിൽ മുഖത്തേറ്റ അടിയായി. ടിഎംസി പ്രചാരണത്തിന് എത്തിയ അഖിലേഷ് യാദവ്, ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾക്കും ഇത് നിരാശ നല്കുന്നു. മമത സർക്കാർ അഴിമതിയിൽ മുങ്ങിയെന്നും പ്രചാരണത്തിന് പോകരുതെന്ന് അഖിലേഷിനോട് പറഞ്ഞതാണെന്നും എസ്പി ദേശീയ ഉപാധ്യക്ഷൻ കിരൺമോയ് നന്ദ പറഞ്ഞത് ഭിന്നതയുടെ തെളിവായി.





