ഭോപ്പാല്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് വിജയിക്കുമെന്ന പ്രവചനം നടത്തിയ സ്വാമി സമാധിയാകുവാന്‍ അനുവാദം തേടി അധികാരികളെ സമീപിച്ചു. ദിഗ് വിജയ് സിംഗ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മാഹുതിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് സ്വാമി വൈരഗ്യാനന്ദ്. 

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടും ആത്മഹത്യ ചെയ്യാത്തത് എന്താണെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സ്വാമി ആത്മാഹുതി ചെയ്യാന്‍ അനുമതി തേടി ഭോപ്പാല്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ദിഗ് വിജയ് സിങിന്റെ വിജയത്തിനായി തിരഞ്ഞെടുപ്പിന് മുന്‍പ് സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ യജ്ഞം നടത്തിയിരുന്നു. ദിഗ് വിജയ് സിങ് പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്നും സ്വാമി പ്രഖ്യാപനം നടത്തിയിരുന്നു. 

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രജ്ഞ സിങിനോട് ദിഗ് വിജയ് സിങ് പരാജയപ്പെട്ടു. ഞായറാഴ്ച 2.11ന് സമാധിയിലേക്ക് പോകാന്‍ അനുവാദം നല്‍കണമെന്നാണ് സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ഡിഐജിക്ക് കത്ത് നല്‍കിയതായി കളക്ടര്‍ അറിയിച്ചു.