ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും തന്‍റെ മാതാപിതാക്കള്‍ താമസിക്കുന്നത് ജെഎന്‍യു ക്യാമ്പസിലാണെന്നും... 

ദില്ലി: ജവര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ ആക്രണങ്ങളില്‍ ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണെന്ന് നടി സ്വര ഭാസ്കര്‍. ഇന്നലെ രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വികാരാദീനയായാണ് സ്വര ഭാസ്കര്‍ ആക്രമണത്തോട് പ്രതികരിച്ചത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും തന്‍റെ മാതാപിതാക്കള്‍ താമസിക്കുന്നത് ജെഎന്‍യു ക്യാമ്പസിലാണെന്നും കരഞ്ഞുകൊണ്ടാണ് സ്വര വീഡിയോയില്‍ പറയുന്നത്. 

''ജെഎൻയുവിലേക്ക് വരൂ, പ്രധാനഗേറ്റ് എബിവിപിക്കാരും ബജ്‍രംഗദളുകാരും വളഞ്ഞിരിക്കുകയാണ്. ദേശത്തിന്‍റെ ദ്രോഹികളെ, വെടിവച്ചുകൊല്ലൂ (ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാലോം കോ) എന്ന മുദ്രാവാക്യങ്ങളാണ് ഇവിടെ മുഴങ്ങിക്കേൾക്കുന്നത്. ഇവർക്ക് സഹായവുമായാണ് പൊലീസ് നിൽക്കുന്നത്. ഗുണ്ടകളെ പൊലീസ് സഹായിക്കുകയാണ്. ഇവിടത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം പൊലീസ് ഓഫ് ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ദൂരം റോഡിൽ ഒരു വെളിച്ചവുമില്ല. ഇവിടേക്ക് വന്ന ആംബുലൻസുകൾ തല്ലിത്തകർത്തു. ഇതെല്ലാം പൊലീസ് നോക്കി നിൽക്കുകയാണ്....'' - സ്വര ഭാസ്കര്‍ വീഡ‍ിയോയില്‍ പറയുന്നു. 

View post on Instagram

അതേസമയം ജെഎന്‍യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പിടിയിലായത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. 

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവവിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജെഎൻയുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്തായി. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്. 

അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.