മുംബൈ: ഇന്‍റര്‍നെറ്റ് കണക്ഷനേക്കാളും വലുത് മനുഷ്യ ജീവനാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യാ ടുഡേയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കശ്മീരിന്‍റെ പ്രത്യക പദവി റദ്ദാക്കിയ നടപടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യം കൂടുതല്‍ വിശാലമാകുന്നതിനോട് പ്രതിപക്ഷത്തിന് താല്‍പര്യമില്ലെന്നും മന്ത്രി ആരോപിച്ചു. 

കശ്മീരിലെ ജനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് പിന്തുണയുമായി മുന്നോട്ട് വരുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. പാക് അധിനിവേശ കശ്മീര്‍ തിരിച്ച് പിടിക്കലാണ്  അടുത്ത അജന്‍ഡയെന്നും മന്ത്രി പറഞ്ഞു. കശ്മീരിലെ 200 പൊലീസ് സ്റ്റേഷനുകളില്‍ 12 ഇടങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ക്ക് നിയന്ത്രണമുള്ളത്. 

നിലവില്‍ ഒരിടത്തും കര്‍ഫ്യൂ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍ കത്തിച്ച് നശിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ മക്കളെ എത്തിച്ച ശേഷമാണ് ആളുകള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നതെന്നും ജിതേന്ദ്ര സിംഗ് ആരോപിച്ചു. 

വടക്കുകിഴക്കന്‍ മേഖലയുടെ വികസനം (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്‌പോര്‍ട്സ് മന്ത്രാലയത്തിലെ സഹമന്ത്രി (സ്വതന്ത്ര ചുമതല) പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്‌സണല്‍ ചുമതല എന്നിവ വഹിക്കുന്ന കേന്ദ്രമന്ത്രിയാണ് ജിതേന്ദ്ര സിംഗ്.