Asianet News MalayalamAsianet News Malayalam

Army Helicopter crash : തമിഴ്നാട് വനംമന്ത്രി കെ രാമചന്ദ്രന്‍ കൂനൂരിൽ, എം കെ സ്റ്റാലിൻ ഉടൻ എത്തും

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍ർജിയും തൻ്റെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തി. 

Tamil Nadu Chief Minister M K Stalin will visits army helicopter crash place
Author
Coimbatore, First Published Dec 8, 2021, 4:05 PM IST

കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat) സംഘവും സഞ്ചരിച്ച ഹെലികോപ്ടർ (Helicopter Crash) തകർന്നുവീണ കൂനൂര്‍ (Coonoor) തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (M K Stalin) സന്ദര്‍ശിക്കും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. ഹെലികോപ്റ്റർ ദുരന്തവാർത്ത നടുക്കുന്നതും ഉള്ളുലയ്ക്കുന്നതുമാണ്. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട് വനംമന്ത്രി കെ രാമചന്ദ്രന്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍ർജിയും തൻ്റെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തി. 

വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. വ്യോമസേനാ മേധാവി വി ആർ ചൌധരിയോട് അടിയന്തരമായി അപകടസ്ഥലത്തേക്ക് എത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവൽ പാർലമെൻ്റിൽ എത്തി. 

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഉച്ചയോടെ ഹെലികോപ്ടര്‍ തകർന്ന് വീണത്. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി.

Follow Us:
Download App:
  • android
  • ios