യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ്  വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു. 

ചെന്നൈ: യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്നാട് സർക്കാർ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈ‌നിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു.

അയ്യായിരത്തോളം തമിഴ് വിദ്യാർത്ഥികളാണ് യുക്രൈനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മോചനകാര്യങ്ങൾ തമിഴ്നാട് സർക്കാരുമായി കൂടിയാലോചിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. മെഡിസിനും എൻജിനീയറിംഗും പഠിക്കാനാണ് തമിഴ്നാട് സ്വദേശികളിലേറെയും യുക്രൈനിലേക്ക് പോയത്. ഇവരിൽ ഭൂരിഭാഗം പേരും കീവിൽ ആണുള്ളതെന്നാണ് വിവരം. 

റഷ്യ, യുക്രൈനെ ആക്രമിച്ച സാഹചര്യത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ കുടുങ്ങിക്കിടക്കുകയാണ് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ. ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി. 

വിദ്യാർത്ഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈൻ പ്രസിഡൻറിന് നൽകിയിരുന്നു. എന്നാൽ സംഘർഷം തുടർന്നാൽ സ്ഥിതി കൈവിട്ടു പോകുമെന്ന ആശങ്കയുണ്ട്. വ്യോമമേഖല അടച്ച സാഹചര്യത്തിൽ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ഇന്ത്യ തുടങ്ങി കഴിഞ്ഞു. 

ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തുക, നാളെ വിമാനമെത്തും, വിദ്യാർത്ഥികൾ അറിയേണ്ടത്

പോളണ്ട്, സ്ലൊവേകിയ, ഹംഗറി, റൊമാനിയ അതിർത്തി കടക്കുന്നവരെ അവിടെ നിന്ന് മടക്കിക്കൊണ്ടുവരും. അതിർത്തിയിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിച്ചു. എയർ ഇന്ത്യയുടെ വിമാനങ്ങൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും വിമാനം അയക്കാനാണ് സാധ്യത.