തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ് - മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൂടിക്കാഴ്ച. അധികാരമേറ്റ് ഒരുദിവസത്തിനകം വിജയ് സ്റ്റാലിനെ കാണാൻ എത്തി. ചെന്നൈയിലെ സ്റ്റാലിൻ്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ചെന്നൈ: അധികാരമേറ്റ് ഒരുദിവസത്തിന് പിന്നാലെ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ അൽവാർപേട്ടിലുള്ള വസതിയിൽ എത്തിയ വിജയ്‍യെ, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് വിജയ്‍യെ നേതാക്കൾ വരവേറ്റത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച സ്റ്റാലിൻ, വിജയ്‍യ്ക്ക് അഭിനന്ദനങ്ങൾ നേർന്നതായും പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, സംസ്ഥാന ഖജനാവ് കാലിയാണെന്ന വിജയ്‍യുടെ പരാമർശം സ്റ്റാലിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സ്റ്റാലിനെ നേരിൽക്കാണാൻ എത്തിയതെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ പ്രബല കക്ഷികളായിരുന്ന ഡിഎംകെയ്ക്കും അണ്ണാ ഡിഎംകെയ്ക്കും കനത്ത തിരിച്ചടി നൽകിയാണ് വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയത്. തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 108 ഇടത്ത് വിജയിച്ച ടിവികെ, കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണയോടെ ആണ് സർക്കാർ രൂപീകരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് വിജയ്‍യും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചടങ്ങിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്‍, മാസ് ഡയലോഗുകളുമായി പാർട്ടിപ്രവർത്തകരെയും ആരാധകരെയും ആവേശത്തിലാക്കി.
വിജയ്‍യുടെ പരാമർശവും സ്റ്റാലിൻ്റെ മറുപടിയും
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യവെ, മുൻ ഡിഎംകെ സർക്കാരിനെ വിജയ് രംകടന്നാക്രമിച്ചിരുന്നു. 10 ലക്ഷം കോടിയിലധികം കടമുണ്ടാക്കിയ ശേഷമാണ് മുൻ സർക്കാർ പുറത്തേക്ക് പോയതെന്നും ഖജനാവ് കാലിയാക്കിയെന്നുമായിരുന്നു വിജയ്‍യുടെ പരാമർശം. ഇതിന് ഉടൻതന്നെ മറുപടി നൽകി എംകെ സ്റ്റാലിൻ രംഗത്തെത്തുകയായിരുന്നു. തമിഴ്നാടിൻ്റെ കടം അനുവദനീയമായ പരിധിയിൽ മാത്രമാണെന്നും കൊവിഡും പ്രളയവും കേന്ദ്ര അവഗണനയും മറികടന്ന് എണ്ണാവുന്നതിലധികം ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ മറുപടി നൽകി.


