ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ മന്ത്രി എസ്. പെരിയകറുപ്പന്റെ മുന്നിൽ നർത്തകിമാർ നൃത്തം ചെയ്തത് വിവാദമായി. തമിഴ് സംസ്കാരത്തെയും സ്ത്രീകളുടെ അന്തസ്സിനെയും അപമാനിക്കുന്നതാണ് നടപടിയെന്ന് എഐഎഡിഎംകെയും ബിജെപിയും ആരോപിച്ചു.

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർ ശിവ​ഗം​ഗയിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രിക്ക് മുന്നിൽ നർത്തകിമാരുടെ നൃത്തപ്രകടനം വിവാദത്തിൽ. തമിഴ്നാട് മന്ത്രി എസ്. പെരിയകറുപ്പന്റെ മുന്നിലാണ് യുവതികൾ നൃത്തം ചെയ്തത്. മന്ത്രി ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിനെതിരെ പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും രം​ഗത്തെത്തി. തമിഴ് സംസ്കാരത്തിന്റെയും സ്ത്രീകളുടെ അന്തസ് ഹനിക്കുന്നതാണ് നടപടിയെന്നും മന്ത്രി സ്ത്രീകളെ തന്റെ മുന്നിൽ നൃത്തം ചെയ്യിപ്പിച്ചതായും എഐഎഡിഎംകെ വിമർശനമുന്നയിച്ചു.

വിനോദത്തിലും ആഡംബരത്തിലും മാത്രം മുഴുകാൻ വേണ്ടി എന്തിനാണ് ഒരു സർക്കാർ പദവി ഏറ്റെടുക്കുന്നത്? പാരമ്പര്യ പിന്തുടർച്ചയുടെ അടിസ്ഥാനത്തിൽ, യാതൊരു യോഗ്യതയുമില്ലാതെ, മുതിർന്ന മന്ത്രിമാർ ഇന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നത് അടിമത്തമാണെന്നും ബിജെപി പറഞ്ഞു. പരിപാടിയെ ഒരു അശ്ലീല കാഴ്ചയാക്കി മാറ്റി. എത്ര വലിയ അപമാനമാണ് ഉണ്ടാക്കിയത്. ഇത്തരക്കാർക്ക് ആത്മാഭിമാനത്തെക്കുറിച്ചോ യുക്തിസഹമായ ചിന്തയെക്കുറിച്ചോ സംസാരിക്കാനുള്ള യോഗ്യതയുണ്ടോയെന്നും ബിജെപി ചോദിച്ചു. അർദ്ധനഗ്ന വസ്ത്രം ധരിച്ച സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തം ചെയ്ത് ആസ്വദിക്കാൻ കയ്യടിക്കുന്ന ഡിഎംകെ നേതാക്കളെ ആശ്രയിക്കേണ്ടിവരുമ്പോൾ തമിഴ്‌നാട്ടിലെ സ്ത്രീകൾ എങ്ങനെ അവരുടെ പരാതികൾ ഉന്നയിക്കുമെന്നും അവർ ചോദിച്ചു.

മന്ത്രി സ്ത്രീകളോട് നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന ആരോപണം ഡിഎംകെ വൃത്തങ്ങൾ നിഷേധിച്ചു. സ്ത്രീകൾ സ്വയം വേദിയിൽ നിന്ന് ഇറങ്ങി മന്ത്രിയുടെ മുന്നിൽ നൃത്തം ചെയ്തതാണെന്നും എ.ഐ.എ.ഡി.എം.കെ പോലും ഇത്തരം നൃത്ത പരിപാടികൾ നടത്തിയിട്ടുണ്ടെന്നും ഡിഎംകെ പറഞ്ഞു.