ചെന്നൈ: ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിലും ഇടമലയാറിലും കേരളം വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങണമെന്ന് തമിഴ്നാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. കുടിവെള്ള വാഗ്ദാനം നല്‍കിയ കേരളത്തിന്‍റെ നിലപാടും തമിഴ്നാട് സ്വാഗതം ചെയ്തു.

ഇരുപത് ലക്ഷം ലിറ്റര്‍ കുടിവെള്ളം ട്രെയിന്‍ വഴി എത്തിക്കാം എന്ന കേരളത്തിന്‍റെ വാഗ്ദാനം തമിഴ്നാട് ആദ്യം നിരസിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും ഇത് തെറ്റാണെന്ന്  ജലവിഭവമന്ത്രിയടക്കമുള്ളവര്‍ പിന്നീട് വ്യക്തമാക്കി. ഒരു ദിവസത്തേക്ക് ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം കിട്ടിയാല്‍ തീരുന്നതല്ല തമിഴ്നാടിന്‍റെ ജലദൗര്‍ലഭ്യമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. 

ദിനംപ്രതി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം വീതം നല്‍കാന്‍ കേരളത്തിന് സാധിച്ചാല്‍ അത് വലിയ സഹായമാവും എന്നും പളനിസ്വാമി ഇന്ന് ചെന്നൈയില്‍ പറഞ്ഞു. ഇതോടൊപ്പം തമിഴ്നാട് നാട് നേരിടുന്ന രൂക്ഷമായ ജലപ്രതിസന്ധി തിരിച്ചറിഞ്ഞ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നും കേരളത്തോട് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

അതേസമയം ഇന്നലെ പ്രതീക്ഷ നല്‍കി ചെറിയതോതില്‍ പെയ്ത് അകന്ന മഴ പിന്നീട്  ഇന്ന് വൈകുന്നേരത്തോടെ ചെന്നൈ നഗരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്കിടയിലും നഗരത്തില്‍ വെള്ളത്തിനായി പരക്കം പാച്ചിലാണ്.

196 ദിവസത്തിന് ശേഷം മഴ എത്തിയതോടെ ചെന്നൈ അടക്കമുള്ള മേഖലകളിലെ താപനിലയില്‍ ആറ് ഡിഗ്രി വരെ കുറവുണ്ടായിട്ടുണ്ട് .ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ഉടന്‍  ശക്തമായ മഴ എത്തുമെന്നാണ് പ്രതീക്ഷ. താല്‍കാലികമായി അവധി പ്രഖ്യാപിച്ച സ്കൂളുകളും ഉടന്‍ തുറക്കാനവുമെന്നാണ് കരുതുന്നത്. ആശുപത്രികളിലേക്ക് ഉള്‍പ്പടെ വെള്ളം ഉറപ്പ് വരുത്താന്‍ ജോലാര്‍പേട്ട അടക്കമുള്ള സമീപ മേഖലകളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം  ജലം എത്തിക്കും എന്ന് സര്‍ക്കാര്‍ ഇന്ന് അറിയിച്ചിട്ടുണ്ട്. 

ചെന്നൈ നഗരത്തില്‍ മാത്രം ഒരു ദിവസം 5000 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുണ്ടെന്നാണ് കണക്ക്. ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം വാഗ്ദാനം ചെയ്ത കേരളത്തോട് അത് എല്ലാ ദിവസവും സാധിക്കുമോ എന്ന് തമിഴ്നാട് ഇപ്പോള്‍ ചോദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കാന്‍ ആണ് തമിഴ്നാട് സര്‍ക്കാരിന്‍റെ തീരുമാനം. 

ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം വാഗ്ദാനം ചെയ്തപ്പോള്‍ അത് ദിവസവും വേണമെന്നും ഒപ്പം മുല്ലപ്പെരിയാറിലും ഇടമലയാറിലും വിട്ടുവീഴ്ച ചെയ്യണമെന്നും ആവശ്യപ്പെട്ട തമിഴ്നാട് കേരളത്തിന്‍റെ നെഞ്ചിടിപ്പേറ്റുകയാണ്.