ചെന്നൈ: കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ ജയിലുകളിലേക്ക് പുറത്ത് നിന്നുള്ളവരുടെ പ്രവേശനം വിലക്കി തമിഴ്‌നാട്. തടവുകാരുടെ ബന്ധുക്കള്‍ക്കോ അഭിഭാഷകര്‍ക്കോ ജയിലുകളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഒപ്പം തടവുകാര്‍ തമ്മിലുള്ള സമ്പര്‍ക്കവും ഒഴിവാക്കാനാണ് ജയില്‍ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ പ്രതിസന്ധിയെ മറികടക്കാനായി 58 ആന്‍ഡ്രോയിഡ് ഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഫോണ്‍ ഉപയോഗിച്ച് വീഡിയോ കോള്‍ വഴി തടവുകാരോട് ലോക്ക്ഡൗണ്‍ കഴിയും വരെ സംസാരിക്കാനാകും. അതേസമയം, സേലം, ഈറോഡ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തമിഴ്‌നാട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പലചരക്ക് കടകളുള്‍പ്പെടെ അടച്ചിടും. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യന്‍ സ്വദേശികള്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചിരുന്നു. ഈ മേഖലയില്‍ അവശ്യസാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും ജില്ലാ ഭരണകൂടം വീട്ടില്‍ എത്തിച്ച് നല്‍കും. 300 ലധികം ആളുകളുമായി വിദേശികള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.