തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകം, ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റിൽ
ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിനായുള്ള ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൌണ്ടിലൂടെയായിരുന്നു കൈകാര്യം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്
ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിൽ കുപ്രസിദ്ധ ഗുണ്ട ആർക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോർക്കൊടി അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ചെന്നൈ സിറ്റി പൊലീസ് പോർക്കൊടിയെ അറസ്റ്റ് ചെയ്തത്. ആംസ്ട്രോങ്ങിന്‍റെ കൊലപാതകത്തിനായുള്ള ക്വട്ടേഷൻ പണം പോർക്കൊടിയുടെ അക്കൌണ്ടിലൂടെയായിരുന്നു കൈകാര്യം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. ആർക്കോട്ട് സുരേഷിന്റെ സഹോദരൻ പൊന്നൈ ബാലുവിന് പണം നൽകിയത് പോർക്കൊടിയുടെ അക്കൌണ്ടിലൂടെയായിരുന്നു.
കേസിൽ പൊന്നൈ ബാലുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആംസ്ട്രോങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 24ആയി. ജൂലൈ 14ന് പ്രതികളിലൊരാളായ കെ തിരുവെങ്കടം എന്നയാളെ പൊലീസ് എൻകൌണ്ടറിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ 6 അംഗ സംഘം കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ സഹോദരൻ ബാലു അടക്കം ഉള്ള 11പേരെ കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായിരുന്നു.
ഭൂമിയിടപാടിലെ തർക്കത്തിന് പിന്നാലെയാണ് ആംസ്ട്രോങ്ങിനെതിരെ നിരവധിപേർക്ക് പകയുണ്ടായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനോടകം ഡിഎംകെ, ബിജെപി, എഐഎഡിഎംകെ, ടിഎംസ്(എം) അടക്കമുള്ള പാർട്ടികളുമായി ബന്ധമുള്ളവരെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ ഹോം ഗാർഡ് ആയിരുന്ന ടി പ്രദീപ്, അഭിഭാഷകനായ ബി ശിവ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം