ചെന്നൈ: എയർലൈൻസ് എഞ്ചിനീയറുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യ വകുപ്പ് പ്രതിരോധത്തിൽ. ചെന്നൈയിൽ കഴിഞ്ഞ വെള്ളിയാഴ്ച എയർലൈൻസ് എഞ്ചിനീയർ മരിച്ചത് കൊവിഡ് കാരണമാണെന്ന് വ്യക്തമാക്കി ഇൻഡിഗോ എയർലൈൻസിൻ്റെ പത്രക്കുറിപ്പ് പുറത്ത് വന്നതോടെയാണ് ആരോഗ്യ വകുപ്പ് പ്രതിരോധത്തിലായത്. ഇയാൾ മരിച്ചത് കൊവിഡ് കാരണമല്ലെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ നിലപാട്.

ചെന്നൈയിലെ സർക്കാർ ആശുപത്രിയിലാണ് 57 കാരനായ എയർലൈൻസ് എഞ്ചിനീയർ ചികിത്സ തേടിയിരുന്നത്. സ്വകാര്യ ലാബിൽ ആദ്യം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണ് എന്നായിരുന്നു സർക്കാർ വിശദീകരണം. ഇതിനിടെ, ൻഡിഗോ എയർലൈൻസിൻ്റെ പത്രക്കുറിപ്പ് ഇറക്കിയതോടെ ആരോ​ഗ്യ വകുപ്പ് പ്രതിരോധത്തിലായി.

അതേസമയം, കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ 17 ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂർ, തേനി, മധുര, ഈറോഡ് , തിരുപ്പൂർ ഉൾപ്പടെയുള്ള ജില്ലകളാണ് റെഡ് സോൺ ആയത്. ചെന്നൈയിലും കോയമ്പത്തൂരുമാണ് കൂടുതൽ കൊവിഡ് ബാധിതർ ഉള്ളത്. രോഗികളുടെ  എണ്ണം ആയിരം കവിഞ്ഞു.

Also Read: തമിഴ്‍നാട്ടിൽ 17 ജില്ലകൾ റെഡ് സോൺ; സർക്കാർ ഇടപെടണമെന്ന് മലയാളി സംഘടനകൾ, മത പ്രചാരകര്‍ അറസ്റ്റിൽ