Asianet News MalayalamAsianet News Malayalam

ട്വിറ്ററിന്‍റെ ശക്തി; തസ്ലീമ നസ്റിന് ഇന്ത്യയില്‍ താമസിക്കുവാനുള്ള സമയപരിധി നീട്ടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

2020  ജൂലൈ വരെ ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടി നല്‍കിയത് 

taslima nasreen's residence permit extended
Author
Delhi, First Published Jul 21, 2019, 1:11 PM IST

ദില്ലി: പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന് ഇന്ത്യയില്‍ താമസിക്കുവാനുള്ള സമയപരിധി നീട്ടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂലൈ 2020 വരെ ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടി നല്‍കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി അഞ്ച് വര്‍ഷത്തേക്ക് നീട്ടിത്തരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3 മാസത്തേക്ക് മാത്രമാണ് സമയം നീട്ടിത്തന്നതെന്നും ചൂണ്ടിക്കാണിച്ചും, ഇന്ത്യയില്‍ തുടരാനുള്ള ആഗ്രഹം അറിയിച്ചും അവര്‍ കഴിഞ്ഞ ജൂലൈ 17 ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമയപരിധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കിയത്. 

സമയപരിധി നീട്ടി നല്‍കിയതില്‍ ആഭ്യന്തര മന്ത്രാലയത്തിന് തസ്ലീമ ട്വിറ്ററില്‍ നന്ദിയറിയിച്ചു. 

'ട്വിറ്ററിന്‍റെ ശക്തി. ജൂലൈ 16 ന്  ഇന്ത്യയില്‍ എനിക്ക് താമസിക്കുവാനുള്ള അനുവാദം നീട്ടിത്തന്നില്ലെന്ന കാര്യം ഞാന്‍ ട്വീറ്റ് ചെയ്തു. ജൂലൈ 17 ന് എനിക്ക് 3 മാസത്തേക്ക് സമയം നീട്ടി അനുവദിച്ചു. ഒരു പാട് ട്വിറ്റര്‍ സുഹൃത്തുക്കള്‍  സമയം കുറച്ചു കൂടി നീട്ടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ഒടുവില്‍ ഒരു വര്‍ഷത്തേക്ക് സമയം നീട്ടി നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന് എന്‍റെ നന്ദിയറിയിക്കുന്നു. ട്വിറ്റര്‍ സുഹൃത്തുക്കളോട് സ്നേഹം എന്നും തസ്ലീമ ട്വീറ്റ് ചെയ്തു. 

ലജ്ജ എന്ന വിവാദ നോവല്‍ എഴുതിയതിന് പിന്നാലെയാണ് തസ്ലീമ നസ്റിന് ബംഗ്ലാദേശ് വിടേണ്ടി വന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് വലിയ എതിര്‍പ്പാണ് രാജ്യത്തു നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത്. 

Follow Us:
Download App:
  • android
  • ios