രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും സ്വകാര്യ ഉടമസ്ഥതയില്‍ നിന്ന് പൊതു ഉടമസ്ഥതയിലേക്കുള്ള എയര്‍ ഇന്ത്യയുടെ മാറ്റം ആലോചനയിലായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ജെആര്‍ഡി ടാറ്റ അഭ്യൂഹം തള്ളിക്കളഞ്ഞു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ സര്‍ക്കാറിന് അനുമതി നല്‍കി. 

ഴിഞ്ഞ ദിവസമാണ് ടാറ്റ ഗ്രൂപ് (Tata group) എയര്‍ ഇന്ത്യയെ (Air India) ഏറ്റെടുത്തത്. ഏറെ നാളത്തെ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 18000 കോടി രൂപക്ക് ടാറ്റ എയര്‍ ഇന്ത്യയെ സ്വന്തമാക്കി. പിന്നീട് ബോളിവുഡ് സിനിമയുടെ ക്ലൈമാക്‌സിനെ ഓര്‍മപ്പെടുത്തും പോലെ രത്തന്‍ ടാറ്റയുടെ(Ratan N Tata) ട്വീറ്റ്. 'വെല്‍കം ബാക്ക്, എയര്‍ ഇന്ത്യ'. 

Scroll to load tweet…

ഇന്ത്യയിലെ ആദ്യത്തെ എയര്‍ലൈന്‍ സര്‍വീസിന് തുടക്കമിടുന്നത് 1932ല്‍ ജെആര്‍ഡി ടാറ്റയാണ്. ഒട്ടനവധി പ്രതിസന്ധികള്‍ മറികടന്ന് ടാറ്റ തന്റെ സ്വപ്‌നം പൂവണിയിച്ചു. രണ്ട് ലക്ഷം രൂപയാണ് ടാറ്റ വിമാനസര്‍വീസ് കമ്പനിക്കായി ചെലവാക്കിയത്. പിന്നെ തന്റെ പൈലറ്റ് വൈദഗ്ധ്യവും. ടാറ്റ എയര്‍മെയില്‍ എന്നായിരുന്നു പേര്. ചരക്കുവിമാനമായിട്ടാണ് ആദ്യം ഓടിച്ചത്. പിന്നീട് യാത്രാ സര്‍വീസും തുടങ്ങി. ആദ്യം 60000 രൂപയായിരുന്നു ലാഭം. 1937ല്‍ ആറ് ലക്ഷമായി ലാഭം ഉയര്‍ന്നു.

1938ല്‍ ടാറ്റ എയര്‍മെയില്‍ എന്ന പേര് മാറ്റി ടാറ്റ എയര്‍ലൈന്‍സ് എന്നാക്കി. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ എയര്‍ലൈന്‍സിന്റെ നിയന്ത്രണം ഏറ്റെടുത്തു. യുദ്ധത്തിന് ശേഷം വീണ്ടും ടാറ്റയുടെ കൈകളിലെത്തിച്ചേര്‍ന്നു. 1946ല്‍ വീണ്ടും പേരുമാറ്റി എയര്‍ ഇന്ത്യ എന്നാക്കി. 

സ്വാതന്ത്ര്യത്തിന് ശേഷം എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ആരംഭിക്കാന്‍ സര്‍ക്കാറിന് മുന്നില്‍ ടാറ്റ നിര്‍ദേശം വെച്ചു. 49 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയോടൊപ്പം അധികമുള്ള രണ്ട് ശതമാനം ഏറ്റെടുക്കാനുള്ള അധികാരവും 25 ശതമാനം ഓഹരി ടാറ്റക്കും ബാക്കി പബ്ലിക്കിനുമാക്കിയുള്ളതായിരുന്നു പ്രൊപ്പോസല്‍. ഇത് നെഹ്‌റു സര്‍ക്കാര്‍ അംഗീകരിച്ചു. അങ്ങനെ ബോംബെയില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം പറന്നു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും സ്വകാര്യ ഉടമസ്ഥതയില്‍ നിന്ന് പൊതു ഉടമസ്ഥതയിലേക്കുള്ള എയര്‍ ഇന്ത്യയുടെ മാറ്റം ആലോചനയിലായിരുന്നു. തുടക്കത്തില്‍ ജെആര്‍ഡി ടാറ്റ അഭ്യൂഹം തള്ളിക്കളഞ്ഞു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ടാറ്റ സര്‍ക്കാറിന് അനുമതി നല്‍കി. അങ്ങനെ 1953ല്‍ 2.8 കോടി രൂപക്ക് മറ്റ് ഓഹരികളും വാങ്ങി ടാറ്റയെ സര്‍ക്കാര്‍ സ്വന്തമാക്കി. മറ്റൊരു ആഭ്യന്തര വിമാന സര്‍വീസ് കമ്പനിയെയും മൂന്ന് കോടി രൂപക്ക് സ്വന്തമാക്കി വ്യോമഗതാഗതം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.

സര്‍ക്കാര്‍ നിയന്ത്രണത്തിലായെങ്കിലും 1978ല്‍ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ ജെആര്‍ഡി ടാറ്റയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 1978ല്‍ എയര്‍ ഇന്ത്യയുടെ ആദ്യത്തെ ബോയിങ് 747 അറബിക്കടലില്‍ തകര്‍ന്നുവീണ് 213 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ടാറ്റയെ മാറ്റിയത്. പിന്നീട് ഇന്ദിരാഗാന്ധി അധികാരത്തിലെത്തിയപ്പോള്‍ ജെആര്‍ഡി ടാറ്റയെ ഡയറക്ടര്‍ ബോര്‍ഡില്‍ എടുത്തു. 1986ല്‍ രാജീവ് ഗാന്ധി അദ്ദേഹത്തെ വീണ്ടും ചെയര്‍മാനാക്കി. 

ജെആര്‍ഡി ടാറ്റ

1990കളില്‍ ആഗോളവത്കരണകാലത്ത് വ്യോമ ഗതാഗത രംഗത്തേക്ക് ടാറ്റ വീണ്ടും കാലെടുത്തുവെച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ചെങ്കിലും പരാജയമായി. എന്നാല്‍ ഇതേ ടീം 2012ല്‍ വിസ്താര ആഭ്യന്തര സര്‍വീസ് ആരംഭിച്ചു.

കനത്ത നഷ്ടത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു തുടങ്ങിയപ്പോഴേ ടാറ്റ നോട്ടമിട്ടിരുന്നു. ഓഗസ്റ്റ് 31ലെ കണക്കുപ്രകാരം 61562 കോടിയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. എയര്‍ഇന്ത്യ തുടങ്ങിയ ജെആര്‍ഡി ടാറ്റയും ഇപ്പോള്‍ ഏറ്റെടുത്ത രത്തന്‍ ടാറ്റയും രണ്ട് കുടുംബങ്ങളിലുള്ളതാണെങ്കിലും ജെആര്‍ഡി ടാറ്റ തനിക്ക് സഹോദര തുല്യനും ഗുരുതുല്യനുമാണെന്ന് രത്തന്‍ ടാറ്റ പറഞ്ഞു.