ഒരാൾ കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഡ്രൈവർ ഓടി കാറിന്റെ ബോണറ്റിൽ കയറുകയായിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ വാഹനം മുന്നോട്ടെടുത്തു.

മുംബൈ: വിമാനത്താവളത്തിന് പുറത്ത് ടാക്സി ഡ്രൈവർമാരുടെ തമ്മിലടി കലാശിച്ചത് ഹൈവേയിലൂടെയുള്ള അപകടകമായ അഭ്യാസത്തിൽ. ബുധനാഴ്ച രാത്രി മുംബൈ എയർപോർട്ടിലെ ഡൊമസ്റ്റിക് ടെർമിനലിന് മുന്നിലാണ് ഒരു ഓൺലൈൻ ടാക്സി കമ്പനിയുടെ രണ്ട് ഡ്രൈവർമാർ തമ്മിലടിച്ചത്. ആദ്യം ചെറുതായി തുടങ്ങിയ തർക്കം പിന്നീട് വൻ കലഹമായി മാറി.

ഭീംപ്രസാദ് മഹാതോ (34), ജസ്റ്റിൻ ജെ (34) എന്നിവരാണ് തല്ലുണ്ടാക്കിയത്. ഇതിനിടെ ജസ്റ്റിൻ കാറിന്റെ ബോണറ്റിൽ ചാടിക്കയറി. അടി കിട്ടുമെന്ന് ഭയന്ന ഭീംപ്രസാദ് വാഹനം മുന്നോട്ടെടുത്തു. ബോണറ്റിൽ നിന്ന് ഏത് നിമിഷവും താഴെ വീഴാവുന്ന അവസ്ഥയിൽ പിടിച്ചിരിക്കുകയായിരുന്ന ജസ്റ്റിനെയും കൊണ്ട് ഭീംപ്രസാദ് വാഹനം വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലേക്ക് കയറ്റി അതിവേഗത്തിൽ കിലോമീറ്ററുകളോളം മുന്നോട്ട് ഓടിച്ചു.

അപകടകരമായ ഈ അഭ്യാസം നടക്കുന്നതിനിടെ ഹൈവേയിലൂടെ ഇരുചക്ര വാഹനത്തിലെത്തിയ ഒരാൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വാഹനത്തിന്റം ബോണറ്റിൽ പിടിച്ചിരിക്കുന്ന ഡ്രൈവർ വീഡിയോ ചിത്രീകരിക്കുന്ന ആളിനോട് എന്തോ പറയുന്നത് ക്ലിപ്പിൽ കാണാം. വാഹനം ഓടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം