സ്കൂൾ വിട്ട് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അധ്യാപിക. അമിത വേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ.

മലപ്പുറം: മലപ്പുറത്ത കുരുവമ്പലം സ്‌കൂളിനു മുന്നില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം. 

ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗത്തിലായിരുന്നുവെന്നു കണ്ടു നിന്ന നാട്ടുകാര്‍ പറഞ്ഞു.

ഡ്രൈവര്‍ ലോറി നിര്‍ത്തിയത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ട്

സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ടിപ്പര്‍ ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ലോറി പിന്നോട്ടെടുത്ത് നഫീസ ടീച്ചറെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്ന ഉടന്‍തന്നെ എംഇഎസ് മെഡിക്കല്‍ കോളേജിലാണ് എത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

പകല്‍ സമയത്ത് ടിപ്പറുകള്‍ സ്‌കൂള്‍ പ്രദേശത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് കാറ്റില്‍പ്പറത്തിയാണ് ടിപ്പറുകളുടെ മരണപ്പാച്ചില്‍. പല ഡ്രൈവര്‍മാരും അമിത വേഗത്തിലാണ് പായുന്നത്. കരിങ്കല്ലുമായി പായുന്ന ലോറികളും നഗരത്തില്‍ അപകടം വിതയ്ക്കുന്നതും പതിവാണ്. ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുമ്പോഴും പൊലീസും മോട്ടര്‍ വാഹന വകുപ്പും ഇതു വരെ നടപടിയെടുത്തിട്ടില്ല. ഇത് മുതലാക്കിയാണ് ടിപ്പറുകള്‍ പായുന്നതെന്നും ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.

പിതാവ്: പരേതനായ മണ്ണേങ്ങല്‍ കണ്ണംതൊടി കുഞ്ഞലവി, മാതാവ്: പരേതയായ പാറക്കല്‍ ഖദീജ. ഭർത്താവ്: മുഹമ്മദ് ഹനീഫ (ഓട്ടോഡ്രൈവര്‍). മക്കള്‍: മുഹമ്മദ് ഹഫീഫ് (വല്ലപ്പുഴ പൂക്കോയ തങ്ങള്‍ എല്‍.പി സ്‌കൂള്‍ അധ്യാപകന്‍), മുഹമ്മദ് അസ്ലം (പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഫാത്തിമ സുഹറ, മറിയ, ഖദീജ, പരേതനായ എം.കെ കുഞ്ഞുമൊയ്തീന്‍ ഫൈസി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ചെമ്മല ഖബര്‍ സ്ഥാനില്‍ ഖബറടക്കും.