വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഒഴിവാക്കാനായാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് വ്യക്തമാകുന്നത്

ഹൈദരാബാദ്: ഹൈദരാബാദില്‍ ടെക്കി യുവതിയെ കാമുകന്‍ വെട്ടിക്കൊന്ന് സ്യൂട്ട് കേസിലാക്കി ഓടയില്‍ തള്ളി. ഹൈദരാബാദിനടുത്ത് മെട്ചല്‍ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം. പ്രതിയായ ബീഹാര്‍ സ്വദേശി സുനിലിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.മെക്കാനിക്കല്‍ എഞ്ചിനിയറിങ് കോളേജ് കാലത്താണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായ ഇവര്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

വിവാഹം ചെയ്യാനായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഒഴിവാക്കാനായാണ് യുവാവ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. ഇന്ന് രാവിലെയോടെയാണ് മെട്ചലിലെ സ്കൂളിനടുത്ത് സമീപവാസികള്‍ സ്യൂട്ട് കേസിലാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 7 ന് മകളെ കാണ്മാനില്ലെന്ന് വ്യക്തമാക്കി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സുനിലുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നും മാര്‍ച്ച് 4 നാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രതിയായ യുവാവും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. ബീഹാര്‍ സ്വദേശിയായ യുവാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലേക്ക് താമസം മാറ്റുകയായിരുന്നു.