വാൽപ്പാറയിൽ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പേരന്റ്സ് മീറ്റിങ്ങിൽ അമ്മ പങ്കെടുക്കുന്നത് ഒഴിവാക്കാനാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മരണമൊഴിയിൽ പറയുന്നു.

വാൽപ്പാറ: സ്കൂളിലെ പേരന്റ്സ് മീറ്റിങ്ങിൽ അമ്മ പങ്കെടുക്കാതിരിക്കാൻ ആത്മഹത്യയ്ക്ക് ശ്രമിച്ച 14 കാരി മരിച്ചു. തമിഴ്നാട് വാൽപ്പാറയിലാണ് സംഭവം. സ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ച് പരിഹസിച്ചതായും കുട്ടിയുടെ മൊഴി. അധ്യാപകർക്കെതിരെ വാൽപ്പാറ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 10 ആം തീയതിയാണ് തമിഴ്നാട് വാൽപ്പാറയ്ക്ക് അടുത്ത് റൊട്ടിക്കടയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് 14 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചു.

YouTube video player

ചികിത്സയിലിരിക്കെ മൊഴിയെടുക്കാൻ പൊലീസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. സ്കൂളിലെ മൂന്ന് അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. മുടി കെട്ടിയ രീതിയെച്ചൊല്ലി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് വഴക്കുപറയുകയും പരിഹസിക്കുകയും ചെയ്തു. ഇത് കേട്ട് മറ്റ് കുട്ടികൾ ചിരിച്ചതോടെ കുഞ്ഞ് മനസ്സ് പിടഞ്ഞു. കഴിഞ്ഞില്ല. പഠനം മോശമാണെന്ന പേരിൽ തമിഴ് അധ്യാപികയുടെ മാറ്റിനിർത്തലും ഹോംവർക്ക് ചെയ്യാതിരുന്നതിന്റെ പേരിൽ സയൻസ് അധ്യാപികയുടെ മർദ്ദവനും വേദനയുടെ ആക്കം കൂട്ടി. പാരന്റ്സ് മീറ്റിങ്ങിൽ മാതാപിതാക്കളോടും തനിക്കെതിരെ സംസാരിക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അത് ഒഴിവാക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും, ഇത്ര ഗുരുതരമാകുമെന്ന് കരുതിയില്ലെന്നും കുട്ടി മൊഴിയിൽ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)