ദില്ലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി. തന്റെ മരണത്തിന് കാരണം അധ്യാപകരും പ്രിൻസിപ്പലുമാണെന്ന് വിദ്യാർത്ഥി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്.
ദില്ലി: ദില്ലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തന്റെ ആത്മഹത്യക്ക് കാരണം അധ്യാപകരാണെന്ന് വിദ്യാർത്ഥി ആത്മഹത്യാക്കുറിപ്പിൽ എഴുതി വച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും ചേർന്ന് തന്റെ മകനെ മാനസികമായി പീഡിപ്പിച്ചുവെന്നും അതിൽ മനം നൊന്ത് ആണ് ആത്മഹത്യയെന്നും കുട്ടിയുടെ പിതാവ് പരാതി നൽകി. 16 വയസുകാരനാണ് മരിച്ചത്. "മമ്മി ക്ഷമിക്കണം, ഞാൻ പലതവണ നിങ്ങളുടെ ഹൃദയം തകർത്തു. അവസാനമായി ഞാൻ ഒന്നു കൂടി അത് ചെയ്യുകയാണ്. സ്കൂളിലെ അധ്യാപകരാണ് ഇതിന് കാരണം. എന്താ ഞാൻ പറയുക?"- ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.
ചൊവ്വാഴ്ച രാവിലെ 7.15 ന് പതിവ് പോലെ മകൻ സ്കൂളിലേക്ക് പോകാനിറങ്ങിയെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇതിന് ശേഷം, സെന്ട്രൽ ദില്ലിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം 16കാരനായ മകൻ പരിക്കേറ്റ് കിടക്കുന്നതായി ഉച്ചയ്ക്ക് 2.45 ഓടെ വിളി വരുകയായിരുന്നു. ബി.എൽ.കപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അച്ഛൻ വിളിച്ചയാളോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ കുടുംബം അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


