ജയ്പൂർ: പുലർച്ചെ മൂന്ന് മണിവരെ പബ്ജി കളിച്ച 14 വയസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പബ്ജി കളി കഴിഞ്ഞ് ഉറങ്ങാന്‍ പോയ കുട്ടിയെ കിടപ്പ് മുറിയിലെ ജനലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മൂന്ന് ദിവസം മുന്‍പാണ് കുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൗൺലോഡ് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നു. സഹോദരനൊപ്പമാണ് ശനിയാഴ്ച പുലർച്ചെ 3 മണി വരെ പബ്ജി കളിച്ചത്. തുടര്‍ന്നാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് ജയ്പുർ റെയിൽവേ കോളനി പൊലീസ് സ്റ്റേഷൻ മേധാവി ഹൻസ്‌രാജ് മീണ പറഞ്ഞു.

രാവിലെ മകനെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് മതാപിതാക്കൾ നടത്തിയ പരിശോധനയിലാണ്  കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ എം‌ബി‌എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കരസേന ഉദ്യോഗസ്ഥന്‍റെ മകനാണ് മരിച്ച ഒമ്പതാം ക്ലാസുകാരൻ. പിതാവ് അരുണാചല്‍ പ്രദേശിലാണ് ജോലി ചെയ്യുന്നത്. കുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം രാജസ്ഥാനിലെ കോട്ടയിലെ ഗാന്ധി കോളനിയിലായിരുന്നു താമസം.