വിജയപുര: അർദ്ധ നഗ്നനായി സഞ്ചരിച്ച് വാഹനങ്ങൾക്കും വീടുകൾക്കും നേരെ പതിവായി കല്ലെറിഞ്ഞിരുന്ന, പബ്‌ജി മൊബൈൽ വീഡിയോ ഗെയിമിന് അടിമയായ കൗമാരക്കാരനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പിച്ചു. കർണാടകയിലെ വിജയപുരയിലെ ലക്ഷ്മി നഗർ സ്വദേശിയായ പതിനേഴ് വയസ്സുള്ള മല്ലികാർജുൻ ചന്ദ്രകാന്ത് ആണ് പിടിയിലായത്. ആക്രമണം രൂക്ഷമായതോടെ  നാട്ടുകാർ ഇയാളെ ബലമായി പിടികൂടി കെട്ടിയിടുകയായിരുന്നു. പിന്നീട് പോലീസ് എത്തി കൗമാരക്കാരനെ മോചിപ്പിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യുവാവിൻ്റെ ആക്രമണത്തിൽ രണ്ട് കാറുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പബ്‌ജി ഗെയിമിന് അടിമയായതിനാലാണ് കൗമാരക്കാരൻ ഇങ്ങനെ പെരുമാറിയതെന്ന് സമീപവാസി വ്യക്തമാക്കി. വീഡിയോ ​ഗെയിമിൽ ചില ക്യാരക്‌ടറുകൾ തുടക്കത്തിൽ അർദ്ധ നഗ്നനായി എതിർപക്ഷത്തുള്ള കളിക്കാർക്ക് നേരെ ആപ്പിൾ എറിയുന്നതായി കാണാം. കൗമാരക്കാരൻ ഇത് അനുകരിച്ചാണ് കല്ലുകൾ എറിഞ്ഞതെന്നും ഇയാൾ പറഞ്ഞു. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ചന്ദ്രകാന്തിനെ ബുധനാഴ്‌ച ഡിസ്‌ചാർജ് ചെയ്‌തു.

പബ്ജി ​ഗെയിൽ ആഴത്തിൽ അടിമയാകുന്ന കുട്ടികൾ ആവശ്യപ്പെടുന്ന ഏത് കാര്യങ്ങളും ചെയ്യാൻ തയ്യാറാകുമെന്ന് ആരോ​ഗ്യ വിദ​ഗദ്ധർ വെളിപ്പെടുത്തുന്നു. ആവേശത്തോടെയാണ് ഇവർ ​ഗെയിമിനെ സമീപിക്കുന്നത്. ഈ ​ഗെയിമിൽ നിന്ന് പുറത്ത് പോകാൻ കുട്ടികൾക്ക് കൗൺസിലിം​ഗിന്റെ ആവശ്യമുണ്ടെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യാതൊരു വിധ വൈകാരിക ബന്ധങ്ങളുമില്ലാതെയാണ് ​ഗെയിമിൽ എതിരാളികളെ ഇല്ലാതാക്കുന്നത്. യഥാർത്ഥ ജീവിതത്തിലും ഇത് പിന്തുടരാൻ കുട്ടികൾ ചിലപ്പോൾ തയ്യാറായെന്നും വരും.