തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധം ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്കരിക്കും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യം

ദില്ലി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകര്‍ക്ക് നേരെ പോലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്കരിക്കും. തിങ്കളാഴ്ച ദില്ലിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ക്ക് നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം.

ദില്ലി ബാര്‍ അസോസിയേഷന്‍റേതാണ് തീരുമാനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദില്ലി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ദില്ലി കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. 

ദില്ലി ഹൈക്കോടതിയിലെ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്നലെ പരുക്കേറ്റ അഭിഭാഷകരെ സന്ദര്‍ശിച്ചിരുന്നു. പൊലീസ് വെടിവെപ്പിലാണ് ഒരു അഭിഭാഷകന് പരുക്കേറ്റത്. സംഭവത്തില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം ഇരുപത് പോലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞ് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും വാഹനങ്ങള്‍ തീയിടുന്നതിലേക്കും എത്തിയത്.

ഇന്നലെയാണ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഒരു പൊലീസ് ജീപ്പിന് ആരോ തീകൊളുത്തി. സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കോടതി സമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത് എന്നാണ് വിവരം. കോടതിയിലേക്ക് എത്തിയ ഒരു അഭിഭാഷകന്‍റെ കാറില്‍ പൊലീസ് വാഹനം ഇടിച്ചെന്നും ഇതു ചോദ്യം ചെയ്ത അഭിഭാഷകനെ ആറംഗ പൊലീസ് സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് തീസ് ഹസാരി കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.