Asianet News MalayalamAsianet News Malayalam

കിടക്കയില്ല, മോർച്ചറിയിൽ നായകൾ; ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തി തേജസ്വി യാദവ്

ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ തെരുവ് നായകൾ അലഞ്ഞുതിരിയുകയായിരുന്നു...

Tejashwi conducts surprise visit at govt hospitals
Author
First Published Sep 7, 2022, 2:09 PM IST

പാറ്റ്ന : ബിഹാറിലെ ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. അപ്രതീക്ഷിത പരിശോധനയിൽ പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോശം അവസ്ഥയാണ് പുറത്തുവന്നത്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള തേജസ്വി ആശുപത്രിയിലെ ശോചനിയാവസ്ഥയിൽ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. പിഎംസിഎച്ചിന്റെ മോശം അവസ്ഥ വളരെക്കാലമായി പരസ്യമായ രഹസ്യമാണ്. തേജസ്വി യാദവ് ആശുപത്രി സന്ദർശിച്ചപ്പോൾ, രോഗികൾ വരാന്തയുടെ തറയിൽ മാലിനങ്ങൾക്കിടയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. 

''ഹേയ് ഇങ്ങോട്ട് വരൂ. ഞാൻ നിങ്ങളുടെ സ്‌റ്റൈപ്പൻഡ് വർദ്ധിപ്പിച്ചില്ലേ. എവിടെ. ഈ സിസിടിവി (മോണിറ്റർ) സ്ഥാപിച്ചിട്ടുണ്ടോ, ആരാണ് ഇത് നോക്കുന്നത്? ആരാണ് പിഎംസിഎച്ച് സൂപ്രണ്ട് താക്കൂർ?" എന്നിങ്ങനെ തേജസ്വി പറയുന്നത് വീഡിയോയിൽ കേൾക്കാം. 

ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ തെരുവ് നായകൾ അലഞ്ഞുതിരിയുകയായിരുന്നു. മരുന്നുകളും വൃത്തിയുള്ള ശുചിമുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ രോഗികൾ ഉപമുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.

"ഞങ്ങൾ പിഎംസിഎച്ച്, ഗാർഡിനർ ഹോസ്പിറ്റൽ, ഗാർഡനിബാഗ് ഹോസ്പിറ്റൽ എന്നിവ പരിശോധിച്ചു. രണ്ട് ആശുപത്രികളിലും ഡോക്ടർമാരുണ്ടായിരുന്നു. പിഎംസിഎച്ചിലെ ടാറ്റ വാർഡിന്റെ അവസ്ഥ മോശമാണ്. വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ ഇവിടെ ചികിത്സയ്ക്കായി വരുന്നതാാണ് - തേജസ്വിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. "സീനിയർ ഡോക്‌ടർ ലഭ്യമല്ല, മതിയായ മരുന്നുകളും ലഭ്യമായിരുന്നില്ല. ശുചിത്വമില്ല. രോഗികൾക്ക് സൗകര്യങ്ങളൊന്നും നൽകുന്നില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാൻ സൂപ്രണ്ടിനെ വിളിച്ച് അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. റോസ്റ്റർ ഇല്ല, ഹാജർ നടന്നിട്ടില്ല. നടപടിയെടുക്കും," തേജസ്വി പറഞ്ഞു. എല്ലാ പഴുതുകളും സംസ്ഥാന സർക്കാർ ശരിയാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആർജെഡി മേധാവിയും തേജസ്വിയുടെ പിതാവുമായ ലാലു പ്രസാദ് യാദവ്, മുഖ്യമന്ത്രിയായിരുന്ന ആദ്യ നാളുകളിൽ മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. ഇത് അദ്ദേഹത്തെ ബിഹാറിലെ ജനപ്രിയ നേതാവാക്കി മാറ്റാൻ സഹായിച്ചു.

Follow Us:
Download App:
  • android
  • ios