ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ ഷഹീന്‍ ബാഗിലെ സമരത്തെ വിമർശിച്ച് കര്‍ണാടകയിലെ ബിജെപി യുവനേതാവ് തേജസ്വി സൂര്യ. രാജ്യത്തെ ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരുമെന്ന് തേജസ്വി സൂര്യ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് തേജസ്വി സൂര്യയുടെ പരാമർശം.

“ഷഹീൻ ബാഗിൽ ഇന്ന് സംഭവിക്കുന്നതിൽ ഈ രാജ്യത്തെ ഭൂരിപക്ഷവും ജാഗ്രത പുലർത്തുന്നില്ലെങ്കിൽ, ദേശസ്നേഹികളായ ഇന്ത്യക്കാർ ഇതിനോട് യോജിക്കുന്നില്ലെങ്കിൽ, മുഗള്‍ ഭരണം ദില്ലിയിലേക്ക് മടങ്ങിവരുന്ന ദിവസങ്ങൾ വിദൂരമല്ല“-തേജസ്വി സൂര്യ പറഞ്ഞു.

വിഭജന കാലം മുതൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് സി‌എ‌എയുടെ ലക്ഷ്യമെന്നും തേജസ്വി സൂര്യ പറഞ്ഞു. പഴയകാലത്തെ മുറിവുകൾ ഭേദമാക്കാതെ പുതിയ ഇന്ത്യയെ നിർമ്മിക്കാൻ സാധിക്കില്ലെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർച്ചു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സി‌എ‌എ പറയുന്നതെന്നും ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയല്ല നിയമമെന്നും തേജസ്വി സൂര്യ പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നു. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.